മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടന്മാരിൽ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 17 വർഷം നീണ്ട കരിയറിനാണ് യുവരാജ് ബൈ ബൈ പറഞ്ഞത്. 2007ലെ ട്വന്റി 20 ലോകകപ്പിലും പിന്നീട് 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്റെ വിജയത്തിന് നിർണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയ്യൻ ബാറ്റ്സ്‌മാനായിരുന്നു.
വാണിജ്യ ടൂർണമെന്റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ ടൂർണമെന്റുകളിൽ പങ്കെടുക്കാനാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ സീസണിൽ മുംബയ് ഇന്ത്യൻസിനായി ഐ.പി.എല്ലിൽ പാഡണിഞ്ഞ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതാണ് വിരമിക്കൽ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും റിപ്പോർട്ടുണ്ട്.
2000ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള യുവിയുടെ അരങ്ങേറ്റം. അന്ന് 80 പന്തുകളിൽ നിന്ന് 84 റൺസ് നേടിയാണ് യുവി തന്റെ രാജകീയ വരവറിയിച്ചത്. ഒരുപക്ഷേ രണ്ടു വർഷങ്ങൾക്കിപ്പുറം 2002ലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് യുവരാജ് എന്ന സൂപ്പർബാറ്റ്‌സ്മാനെ തിരിച്ചറിയാനായത് എന്നു പറയേണ്ടിവരും. കാരണം അന്ന് നാറ്റ് വെസ്‌റ്റ് സീരിസിൽ 326 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയ്‌ക്ക്, സച്ചിൻ തെണ്ടുൽ, സൗരവ് ഗാംഗുലി അടക്കമുള്ള സൂപ്പർതാരങ്ങളെ നഷ്‌ടമായപ്പോൾ പിടിവള്ളിയായത് മുഹമ്മദ് കൈഫുമൊത്തുള്ള യുവരാജിന്റെ തകർപ്പൻ പാർട്ണർഷിപ്പായിരുന്നു. 63 പന്തിൽ നിന്ന് 69 റൺസുമായി യുവി അന്ന് കളത്തിൽ നിറഞ്ഞാടി.