saranya

സീരിയൽ താരം ശരണ്യ ശശി ബ്രെയിൻ ട്യൂമർ ബാധിച്ച് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. താരത്തിന് സഹായം അഭ്യർത്ഥിച്ച് സാമൂഹ്യ പ്രവർത്തകനായ സൂരജ് പാലാക്കാരൻ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് താരത്തിന് ട്യൂമ‌ർ വന്നിരുന്നു. വിദഗ്ദ ചികിത്സയ്ക്ക് ശേഷം തന്റെ നില മെച്ചപ്പെട്ടെന്ന് ശരണ്യ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോൾ വീണ്ടും ശരണ്യയെ രോഗം പിടികൂടിയെന്നും ആ കലാകാരിയുടെ നില ദയനീയമാണെന്നും സൂരജ് പാലാക്കാരനും സീരിയൽ താരം സീമ ജി നായരും ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.

'ടിവിയിലൂടെ കണുമ്പോൾ മാത്രമാണ് പല കലാകാരന്മാരുടെയും നല്ലകാലം. അതിനുശേഷം അവർക്കൊരു അപകടം പറ്റിയാലോ അസുഖം വന്നാലോ തിരിഞ്ഞു നോക്കാൻ ആരുമില്ല. ഒരു കാലാകാരനോ കലാകാരിയോ തളർന്ന് കിടക്കുന്ന അവസ്ഥ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് മോശമാണ്.അതിനാൽ അവരുടെ ഇപ്പോഴത്തെ ചിത്രം കാണിക്കുന്നില്ല'-സൂരജ് പറയുന്നു.

'ശരണ്യക്ക് ആറ് വർഷം മുമ്പ് ട്യൂമർ വന്നിരുന്നു. അന്ന് കലാകാരന്മാരൊക്കെ സഹായിച്ചിരുന്നു. അതിനുശേഷം ഓരോ വർഷവും ബ്രെയിൻ ട്യൂമർ വരികയും മൂർദ്ധന്യാവസ്ഥയിലാകുകയും ചെയ്യാറുണ്ട്. അപ്പോഴൊക്കെ ശ്രീചിത്രയിൽ ഓപ്പറേഷന് വിധേയമാക്കാറുണ്ട്. ഏഴ്മാസം മുമ്പ് ആറാമത്തെ സർജറി ചെയ്തിരുന്നു. ഇതിപ്പോൾ ഏഴാമത്തെ സർജറിയാണ്. ഇത് കുറച്ച് ക്രിട്ടിക്കലാണ്. ഒരു വശം ഏകദേശം തളർന്ന് പോകുന്ന അവസ്ഥയിലാണ്. അവളായിരുന്നു ആ വീടിന്റെ അത്താണി. അവളിലൂടെയാണ് ആ വീട് കഴിഞ്ഞുപോകുന്നത്.വാടക വീട്ടിലാണ് താമസം.'-സീമ ജി നായർ പറയുന്നു.