ടെഹ്‌റാൻ: പുതിയ വ്യോമപ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്ത് ഇറാൻ. ഖൊർദാദ് 15 എന്നാണ് തങ്ങളുടെ പുതിയ എയർ ഡിഫൻസ് സിസ്റ്റത്തിന് ഇറാൻ പേര് നൽകിയിരിക്കുന്നത്. റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനമാണ് ഖൊർദാദ് 15ലും ഉള്ളത്. മുൻപ് തങ്ങൾക്ക് എസ് 400 നൽകണമെന്ന ആവശ്യവുമായി ഇറാൻ റഷ്യയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം റഷ്യ തള്ളുകയാണുണ്ടായത്. ഇതിനെ തുടർന്നാണ് ഇറാൻ സ്വന്തം നിലയിൽ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തത്.
ഒരേ സമയം ആറ് പോർവിമാനങ്ങളെ പ്രതിരോധിക്കാനാകും എന്നാണ് ഖൊർദാദ് 15നിന്റെ പ്രത്യേകത. ഡ്രോണുകൾ ഉൾപ്പെടെയുള്ളവയിൽ നിന്നുമുള്ള ആക്രമണങ്ങൾ ചെറുക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ആക്രമിക്കാനെത്തുന്ന ബോംബറുകളേയും ഖൊർദാദ് 15നിലുള്ള മിസൈലുകൾക്ക് തകർക്കാൻ സാധിക്കും.
രാജ്യത്തിന്റെ ആയുധ ശേഷി വർധിപ്പിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും അതിനായി മറ്റ് രാജ്യങ്ങളുടെ അനുവാദത്തിനായി കാത്തുനിൽക്കേണ്ട ആവശ്യം ഇല്ലെന്നും ഇറാൻ പ്രതിരോധ മന്ത്രി ആമിർ താഹി വ്യക്തമാക്കി. അണ്വായുധ കരാറിന്റെ പേരിൽ അമേരിക്കയും ഇറാനും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ നീക്കം പുതിയ വെല്ലുവിളിയായാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്.
സ്വന്തമായി ബാലിസ്റ്റിക് മിസൈലുകളും ഇറാൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. റഡാറുകൾ ഉപയോഗിച്ചാണ് ഖൊർദാദ് 15 പ്രവർത്തിക്കുന്നത്. 150 കിലോമീറ്റർ അകലെ വരെയുള്ള വസ്തുക്കളെ കണ്ടെത്താനും 120 കിലോമീറ്റർ അകലെയുള്ള ശത്രുവിനെ തകർക്കാനും റഡാറുകൾ ഈ സംവിധാനത്തെ സഹായിക്കും.
ഇത് കൂടാതെ റഡാറുകൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിലുള്ള വിമാനങ്ങളെയും 45 കിലോമീറ്റർ പരിധിയിൽ വച്ച് ആക്രമിക്കാൻ ഈ സംവിധാനത്തിന് കഴിയും. ശത്രുവിമാനത്തെ കണ്ടെത്തിയാൽ അഞ്ച് മിനിറ്റ നേരത്തേക്ക് പിന്തുടർന്ന് ആക്രമിക്കാൻ കഴിയുമെന്നും ഇറാൻ പറയുന്നു. ഇറാന്റെ തന്നെ ഹോക്ക് മിസ്സൈലുകളാണ് പ്രതിരോധ സംവിധാനത്തിലുള്ളത്.