തന്നോട് സി.പി.എമ്മിനുള്ള പകയ്‌ക്ക് ഒരു കാലാവധിയില്ലേയെന്ന് നിയുക്ത കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ. രാഷ്‌ട്രീയമായ ഒരു ബന്ധം മാത്രമായിരുന്നു സി.പി.എമ്മുമായി തനിക്കുണ്ടായിരുന്നത്. മറ്റാരോടുമില്ലാത്ത തരത്തിലുള്ള എതിർപ്പ്, വിദ്വേഷം, പക എന്തുകൊണ്ടാണ് തന്നോട് മാത്രമെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ലെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രേമചന്ദ്രന്റെ പ്രതികരണം.
പിണറായിയുമായി തനിക്ക് നല്ല വ്യക്തി ബന്ധമായിരുന്നുവെന്നും, പരനാറി പ്രയോഗം തനിക്ക് ഒരുപാട് പ്രയോജനം ചെയ്‌തിട്ടുണ്ടെങ്കിലും സ്വീകാര്യമായ തരത്തിലുള്ള ഒന്നായിരുന്നില്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ അത്തരത്തിലുള്ള പദവും അത്തരത്തിലുള്ള ശൈലിയും ഇഷ്‌ടപ്പെടുന്നില്ല എന്നതുകൊണ്ടു തന്നെയാണ് ആ പ്രയോഗം തനിക്ക് അനുകൂലമായി വന്നത്.
'തോമസ് ഐസക്കിനെ പോലുള്ളവർ മുസ്ളീം പള്ളികളിലും ക്രൈസ്‌തവ ദേവാലയങ്ങളിലും ചെന്ന് ഞാൻ സംഘിയാണെന്നും, ബി.ജെ.പിയിൽ ചേരാൻ പോവുകയാണെന്നും പ്രചരിപ്പിച്ചു. ഈ അപവാദ പ്രചരണത്തിനേറ്റ കനത്ത തിരിച്ചടിയാണ് കൊല്ലത്തുണ്ടായത്. ബി.ജെ.പിയിൽ ചേരാനായിരുന്നെങ്കിൽ കഴിഞ്ഞ തവണ എനിക്ക് മോദി മന്ത്രിസഭയിൽ ചേർന്നാൽ പോരെ. എന്നെപോലൊരാളെ കേരളത്തിൽ നിന്ന് ലഭിക്കുമെന്ന് പറഞ്ഞാൽ അവർ നിഷേധിക്കുമോ? ഒരുക്കലുമില്ല- പ്രേമചന്ദ്രൻ വ്യക്തമാക്കി.
'ആടിനെ പട്ടിയാക്കുന്ന സമീപനമായിരുന്നു സി.പി.എം ഇത്തവണ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. എന്നെ ഏറ്റവും പിടിച്ചുലച്ച പദപ്രയോഗമായിരുന്നു അത്. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ അതിന്റെ അർത്ഥമറിയുന്നവർക്കെല്ലാം അത് നല്ലപോലെ അറിയാം'. തന്നെ അത് മാനസികമായി വല്ലാതെ തളർത്തിയെന്നും പ്രേമചന്ദൻ കൂട്ടിച്ചേർത്തു.