തൃശൂർ: ഒരു മഴ പെയ്യുമ്പോഴേക്ക് അവധി തരുമോയെന്ന് കലക്ടറെ വിളിച്ച് ചോദിക്കുന്ന ധാരാളം ആളുകളുണ്ട്. കിട്ടിയാൽ ഒരു ലീവല്ലേ മൂടിപ്പുതച്ച് ഉറങ്ങാമല്ലോ എന്നാണ് മിക്കവരുടെയും ചിന്ത. അനാവശ്യമായി കലക്ടറെ വിളിച്ച് അവധി ആവശ്യപ്പെടുന്നവരോട് തൃശൂർ ജില്ലാ കലക്ടർ അനുപമ ഐ.എ.എസിന് ചിലത് പറയാനുണ്ട്. ഇത്തരത്തിൽ കൂട്ടമായി അവധി ചോദിച്ച് വിളിക്കുമ്പോൾ ലൈൻ ബിസിയാകുകയും ഏറ്റവും അത്യാവശ്യമുള്ളവർക്ക് വിളിച്ചാൽ കിട്ടാതിരിക്കുകയും ചെയ്യുന്നുവെന്ന് കലക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
'പ്രിയപ്പെട്ട സഹോദരി,സഹോദരന്മാരെ
കുറച്ച് ദിവസങ്ങളായി ധാരാളം ആളുകൾ ഞങ്ങളെ വിളിച്ച് മഴ കാരണം അവധി നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്. എന്നാൽ അവധി നൽകുന്നതിന് ഞങ്ങൾക്ക് ചില മാനദണ്ഡങ്ങളുണ്ട്. മാനദണ്ഡങ്ങളനുസരിച്ച് ഞങ്ങൾ അവധി നൽകും .നിങ്ങൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടും വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത്തരത്തിൽ കൂട്ടമായി അവധി ചോദിച്ച് വിളിക്കുമ്പോൾ ലൈൻ ബിസിയാകുകയും ഏറ്റവും അത്യാവശ്യമുള്ളവർക്ക് വിളിച്ചാൽ കിട്ടാതിരിക്കുകയും ചെയ്യുന്നു.
അപകടത്തിലായിരിക്കുമ്പോൾ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാൻ അവകാശമുണ്ട്. എന്നാൽ അവകാശത്തിനൊപ്പം ഉത്തരവാദിത്തവുമുണ്ട്. ഒരോ മുപ്പത് സെക്കന്റിലും ചിലപ്പോൾ മഴമൂലം ജീവന് ഭീഷണി നേരിടുന്നവർ വിളിക്കുകയാവാം. അതിനാൽ അടുത്ത തവണ അവധി ആവശ്യപ്പെട്ട് വിളിക്കുന്നതിന് മുമ്പ് ഞങ്ങളുടെ സഹായം ഏറ്റവും അത്യാവശ്യമുള്ളവരെപ്പറ്റി ചിന്തിക്കൂ.'