ന്യൂഡൽഹി / കൊൽക്കത്ത : പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം തൃണമൂൽ ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലും വെടിവയ്പിലും എട്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനവ്യാപകമായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രചരണസമയം മുതൽ ബംഗാളിൽ ബി.ജെ.പി തൃണമൂൽ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടൽ പതിവാക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ബംഗാളിൽ മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പിയെ വലിയ വെല്ലുവിളിയായിട്ടാണ് തൃണമൂൽ കോൺഗ്രസ് കണക്കാക്കുന്നത്. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ സന്ദേശ്കലിയിലാണ് കഴിഞ്ഞ ദിവസം തൃണമൂൽ ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയത്. തിരഞ്ഞെടുപ്പിൽ കെട്ടിയ കൊടിതോരണങ്ങൾ അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തോക്കുൾപ്പടെയുള്ള മാരകായുധങ്ങളുപയോഗിച്ചാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. സ്ഥലത്ത് നിന്നും നിരവധിപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി പാർട്ടി ഓഫീസിലേക്ക് വിലാപയാത്ര നടത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തെ പൊലീസ് തടഞ്ഞതോടെയാണ് സംസ്ഥാനവ്യാപകമായി സംഘർഷം വ്യാപിച്ചത്.പന്ത്രണ്ട് മണിക്കൂർ ബന്ദിനും ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം ബംഗാളിൽ നടക്കുന്ന അക്രമ സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. സംഘർഷത്തെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിനോട് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ ബംഗാൾ ഗവർണർ കേശവ്നാഥ് തൃപാഠി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചു. ബംഗാളിൽ ക്രമസമാധാന നില തകർന്നുവെന്ന് കേന്ദ്രസർക്കാർ വിലയിരുത്തിയിരുന്നു. അതേസമയം സംഘർഷം നിയന്ത്രണ വിധേയമാണെന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന ഘടകമുൾപ്പടെ ഈ ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അമിത് ഷായുടേതുൾപ്പടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കളുടെ ഹെലികോപ്ടർ നിലത്തിറക്കാൻ അനുമതി നൽകാതെ ബി.ജെ.പിയെ ബംഗാൾ മുഖ്യമന്ത്രി പ്രകോപിപ്പിച്ചിരുന്നു. മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനേക്കാളും ബി.ജെ.പിയെ ചോദ്യശരങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചതും മമതയായിരുന്നു. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബി.ജെ.പിയുടെ കണ്ണിലെ കരടായി മമത മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ബംഗാളിലും കേരളത്തിലും പാർട്ടി പ്രവർത്തകരെ എതിരാളികൾ കൊലപ്പെടുത്തുന്നതായി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ സംഘർഷം ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് മമത ബാനർജി ആരോപിച്ചു. 2021വരെയാണ് നിലവിലെ മമത ബാനർജി സർക്കാരിന്റെ കാലാവധി. ലോക്സഭയിൽ ലഭിച്ച മുന്നേറ്റം നൽകിയ ആത്മവിശ്വാസത്തിൽ 250 സീറ്റിലേറെ നേടി ഭരണം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയുള്ളത്. അതിനാൽ തന്നെ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം മുതലാക്കി മമത സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രം തുനിയുമോ എന്നതും കണ്ടറിയണം.