crazy-mohan

തമിഴ് നടനും,തിരക്കഥാകൃത്തും, നാടകക്കാരനുമായിരുന്ന 'ക്രേസി മോഹൻ' എന്ന മോഹൻ രംഗചാരി മരണമടഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് തിരുച്ചിയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മോഹൻ ഇന്ന് രണ്ടുമണിയോടെയാണ് ഇഹലോകം വെടിഞ്ഞത്. 67 വയസായിരുന്നു. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും നാടകങ്ങൾ എഴുതുകയും ചെയ്തതിട്ടുള്ള മോഹൻ സിനിമയിലൂടെയും പ്രശസ്തനായിരുന്നു.

അപൂർവ സഹോദരങ്ങൾ, മൈക്കൾ മദന കാമരാജൻ, എന്നീ ചിത്രങ്ങളിൽ കമലാഹാസനൊപ്പവും മോഹൻ അഭിനയിച്ചിട്ടുണ്ട്. മികച്ച ഹാസ്യതാരം എന്ന നിലയിലും പേരെടുത്തിരുന്നു. 'ക്രേസി തീവ്സ് ഇൻ പാലാവക്കം' എന്ന നാടകത്തിലൂടെയാണ് മോഹൻ പ്രശസ്തി നേടുന്നത്. തുടർന്ന് 'ക്രേസി' എന്ന പദം മോഹന്റെ പേരിനൊപ്പം ചേരുകയായിരുന്നു. ഈ നാടകം പിന്നീട് ടി.വി സീരിയലായും മോഹൻ പരിഭാഷപ്പെടുത്തിയിരുന്നു.

മോഹനും അനുജൻ ബാലാജിയും ഒരുമിച്ചാണ് നാടകങ്ങൾ രചിക്കുകയും നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നത്. എഴുപതുകളിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ആൾ കൂടിയാണ് മോഹൻ. തന്റെ കഴിവ് കലയിലാണുള്ളതെന്ന് മനസിലാക്കിയ മോഹൻ ഇതിന് ശേഷമാണ് നാടക രംഗത്തേക്ക് തിരിയുന്നത്. പിന്നീട് നാടകത്തിൽ പേരെടുത്ത ശേഷം 'ക്രേസി ക്രിയേഷൻസ് എന്ന പേരിൽ ഒരു നാടക കമ്പനി ആരംഭിക്കുകയും ചെയ്തു.