ചെന്നൈ : സിനിമാ - നാടകകലാകാരനും തിരക്കഥാകൃത്തും നടനുമായ ക്രേസി മോഹൻ (മോഹൻ രംഗചാരി) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം. 67 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മോഹൻ കോളേജ് പഠനകാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. കോളേജ് തല മത്സരങ്ങളിൽ മികച്ച നടനും കഥാകൃത്തിനുമുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. 'ക്രേസി തീവ്സ്' എന്ന നാടകം എഴുതിയതോടെയാണ് അദ്ദേഹം 'ക്രേസി മോഹൻ" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
ആക്ഷേപഹാസ്യ നാടകങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹത്തിന്റെ നാടക സംഘമായിരുന്നു ക്രേസി ക്രിയേഷൻസ്. 30 ഓളം നാടകങ്ങൾ എഴുതി.
കെ. ബാലചന്ദറിന്റെ 'പൊയ്ക്കാൽ കുതിരൈ" എന്ന ചിത്രത്തിന് സംഭാഷണം എഴുതിയാണ് സിനിമയിലെത്തിയത്. തുടർന്ന് 40 ഒാളം സിനിമകളിൽ സംഭാഷണം രചിച്ചു.
നിരവധി ഹാസ്യചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും എഴുതി. കമലഹാസൻ നായകനായ സതി ലീലാവതി, പഞ്ചതന്തിരം, തെനാലി, മൈക്കിൾ മദന കാമരാജൻ, വസൂൽ രാജ എം.ബി.ബി.എസ്, അപൂർവ സഹോദരങ്ങൾ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ എഴുതി.
അവ്വൈ ഷൺമുഖി, തെനാലി തുടങ്ങിയ ചിത്രങ്ങളിൽ കമലഹാസനൊപ്പം അഭിനയിച്ച ഹാസ്യരംഗങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.
കല്യാണ സമൻ സാദം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ടെലിവിഷൻ ചാനലുകൾക്ക് വേണ്ടി കോമഡി സിരീസുകൾ നിർമിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാര ജേതാവാണ്.