കൊല്ലം: കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്കെന്ന് അമ്മ വിളിച്ചു പറഞ്ഞപ്പോൾ അദ്വൈത് കൃഷ്ണയൊന്ന് ഞെട്ടി. ഇനിയിപ്പോൾ കേരളത്തിൽ ഏത് കോളേജിൽ വേണമെങ്കിലും ചേരാമല്ലോ എന്ന് അമ്മ. അതു പറ്റില്ലെന്ന് അദ്വൈത്.
'എന്റെ സ്വപ്നം മദ്രാസ് ഐ.ഐ.ടിയാണ്.'
ഐ.ഐ.ടിയിൽ മെക്കാനിക്കൽ എൻജിനിയറിംഗ് പഠനം സ്വപ്നം കണ്ടാണ് അദ്വൈത് പ്ലസ് വണ്ണിന് സയൻസെടുത്തത്. ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 97.14 ശതമാനം മാർക്ക് നേടിയ അദ്വൈത് അഡ്വാൻസ്ഡ് പരീക്ഷയുടെ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. കേരള എൻജിനിയറിംഗ് എൻട്രൻസ് പൊതുവിഭാഗത്തിൽ 185-ാം റാങ്കാണ്.
ജെ.ഇ.ഇക്ക് വേണ്ടിയുള്ള പരിശീലനത്തിനിടെ കേരള എൻട്രൻസ് വെറുതേയൊന്ന് എഴുതി നോക്കിയതാണ്. ഇത്ര ഉയർന്ന റാങ്ക് പ്രതീക്ഷിച്ചില്ല.
ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ്.എസിൽ നിന്ന് പ്ലസ് ടുവിന് 99.5 % മാർക്കോടെയാണ് ഇത്തവണ വിജയിച്ചത്. എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലൊന്നും പോയിരുന്നില്ല. പ്ലസ് ടു ട്യൂഷനൊപ്പമുള്ള എൻട്രൻസ് കോച്ചിംഗ് മാത്രമാണുണ്ടായിരുന്നത്.
ജി.എസ്.ടി വകുപ്പിലെ ക്ളെറിക്കൽ അറ്റൻഡർ കൊല്ലം കല്ലുവാതുക്കൽ, തെറ്റിക്കുഴി രാമഭവനിൽ രാമകൃഷ്ണന്റെയും ബിന്ദുറാണിയുടെയും മകനാണ്. ഫലം വരുമ്പോൾ അദ്വൈത് നെയ്യാറ്റിൻകരയിലെ അമ്മയുടെ കുടുംബവീട്ടിലായിരുന്നു. അസുഖബാധിതനായി കഴിയുന്ന മുത്തച്ഛനെ പരിചരിക്കുന്ന തിരക്കിലായിരുന്നു അദ്വൈത്. സഹോദരി അമൃതേന്ദു ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസിൽ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്.