news

1. ശബരിമല വിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്രനിലപാട് തുടരേണ്ട എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍. നീക്കം, സി.പി.എം സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ പശ്ചാത്തലത്തില്‍. ശബരിമല വിഷയം ലിംഗ നീതിയുടേത് എന്ന നിലപാടില്‍ മാറ്റില്ല. അതുപോലെ മലകയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമീപിച്ചാല്‍ ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായി പൊലീസ് സംരക്ഷണം തുടരാനും തീരുമാനം.
2. അതേസമയം, പ്രതിഷേധം ഉണ്ടായാല്‍ പൊലീസ് തന്നെ മുന്‍കൈ എടുത്ത് തിരിച്ച് ഇറക്കുകയും ചെയ്യും. ശബരിമലയില്‍ മാത്രം സര്‍ക്കാറിന് പ്രത്യേക ഉദ്ദേശം എന്ന തോന്നല്‍ വിശ്വാസികള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കും. വേഷപ്രച്ഛന്നരായി യുവതികളെ മല കയറ്റി എന്നും ഒളിപ്പിച്ച് കടത്തി എന്നുമുള്ള ആക്ഷേപങ്ങള്‍ക്ക് ഇടനല്‍കില്ല. ഇക്കാര്യത്തില്‍ വിശ്വാസികളില്‍ ഒരു വിഭാഗത്തെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും തെറ്റിദ്ധരിപ്പിക്കാനായി എന്നായിരുന്നു സെക്രട്ടറയേറ്റ് വിലയിരുത്തല്‍.
3. സര്‍ക്കാര്‍ നിലപാട് ജനത്തെ ബോധ്യപ്പെടുത്താന്‍ കുടുതല്‍ നടപടികള്‍ ഉണ്ടാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്തത്, കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കേരളവും ബംഗാളും ത്രിപുരയും ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയും സമീപനത്തില്‍ വരുത്തേണ്ട മാറ്റങ്ങളുമാണ്.
4. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും. ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍മാരോട് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ കടത്ത് കേസില്‍ കാക്കനാട്ടെ ജയിലില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കുന്നത്.


5. ബാലഭാസ്‌കര്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിനെ നേരില്‍ കണ്ട് അടുത്ത് ഇടപെട്ടവര്‍ ആരൊക്കെ ആയിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ച് അറിയാനാണ് ഡോക്ടര്‍മാരില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴി എടുക്കുന്നത്. കൂടാതെ പ്രകാശന്‍ തമ്പിയുടെ മൊഴികളിലെ വൈരുധ്യം പരിശോധിക്കുന്നതിനും കൂടിയാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം.
6. അതേസമയം ഒളിവില്‍ കഴിയുന്ന ജിഷ്ണുവും ബാലഭാസ്‌കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നു എന്ന പുതിയ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അപകട മരണത്തിലെ ദൂരൂഹതകള്‍ നീങ്ങുന്നതിന് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, ജിഷ്ണു എന്നിവരെ കൂടി ചോദ്യം ചെയ്താല്‍ മാത്രമെ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളു. ഇവര്‍ ഇരുവരും ഒളിവിലാണ്. തീര്‍ത്ഥയാത്രക്ക് പോയിരിക്കുന്നു എന്നാണ് ഇരുവരുടെയും ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയത്
7. പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനെ ആയിരുന്നു കോടതി അതൃപ്തി അറിയിച്ചത്
8. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലെ മുഖ്യപ്രതിയും മുംബയ് അധോലോക കുറ്റവാളിയുമായ രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് രക്ഷപ്പെട്ടതായി സൂചന. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ള മുംബയ് അധോലോക കുറ്റവാളിയായ രവി പൂജാരി കഴിഞ്ഞ ജനുവരി 21ന് ആണ് സെനഗലില്‍ പിടിയില്‍ ആയത്.
9. ബി.ജെ.പി ദേശീയ അധ്യക്ഷനായി അമിത് ഷാ തുടര്‍ന്നേക്കും. ബി.ജെ.പി ഒറ്റ പദവി നയമാണ് പിന്തുടരുന്നത് എങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ ഇരിക്കെ അമിത് ഷാ അധ്യക്ഷ പദവിയില്‍ തന്നെ തുടരും എന്നാണ് സൂചന
10. ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബി കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക്, കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരള- കര്‍ണാടക തീരങ്ങളിലും വരും ദിവസങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകരുത് എന്നും മുന്നറിയിപ്പ്
11. സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പ്രവശനാഫലം പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള വിഷ്ണു വിനോദിന് ആണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ കോട്ടയം ജില്ലയ്ക്കാണ്. രണ്ടാം റാങ്ക് ഗൗതം ഗോവിന്ദും മൂന്നാം റാങ്ക് അഖ്വിബ് നവാസും സ്വന്തമാക്കി. ആദ്യ 1000 റാങ്കില്‍ 179 പേര്‍ എറണാകുളം ജില്ലക്കാരാണ്
12. ജ്ഞാനപീഠ ജേതാവും വിഖ്യാത കന്നട എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. സിനിമ മേഖലയ്ക്ക് വലിയ നഷ്ടമാണ് എന്നും താങ്കള്‍ എന്നും ഓര്‍മ്മിക്കപ്പെടും എന്നുമാണ് മോഹന്‍ലാല്‍ സാമൂഹ്യ മാദ്ധ്യമത്തില്‍ കുറിച്ചത്
13. രാജ്യാന്തര ചലച്ചിത്ര മേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവല്‍ 2019-ല്‍ തിളങ്ങി സലിം അഹമ്മദ് ചിത്രം ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു. കാനഡയില്‍ വച്ചു നടന്ന മേളയില്‍ മികച്ച ചിത്രം, നടന്‍, സംവിധായകന്‍, സഹനടി എന്നിങ്ങനെ നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഇസാക് ഇബ്രാഹിം എന്ന കഥാപാത്രമായി അത്ഭുതപ്പെടുത്തുന്ന പ്രകടനം ആണ് ടോവിനോ കാഴ്ച വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്
14. സിദ്ധാര്‍ത്ഥ് നായകന്‍ ആവുന്ന ഹൊറര്‍ ചിത്രം അരുവത്തിന്റെ ടീസര്‍ എത്തി. കാതറീന്‍ ട്രീസയാണ് നായിക. സായി ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം തീയേറ്ററുകളില്‍ എത്തും. മിലിന്ദ് റാവു സംവിധാനം ചെയ്ത അവള്‍ ആണ് ഏറ്റവും ഒടുവില്‍ സിദ്ധാര്‍ത്ഥ് അഭിനയിച്ച ഹൊറര്‍ ചിത്രം.