girish-karnad

ബംഗളൂരു : 80 വയസിന്റെ അവശതകളും മറ്റ് ശാരീരിക വിഷമതകളും അലട്ടിയിട്ടും ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമ വാർഷികത്തിന് പങ്കെടുക്കാനെത്തിയ ഗിരീഷ് കർണാടിന്റെ കഴുത്തിൽ 'മീ ടു ആൻ അർബൻ നക്സൽ' എന്നെഴുതിയ പ്ലക്കാഡ് കെട്ടിത്തൂക്കിയിരുന്നു. നിലപാടുകളിൽ നിന്ന് തെല്ലും വ്യതിചലിക്കാത്ത ധീരനായിരുന്നു കർണാടെന്ന് ബോദ്ധ്യപ്പെടാൻ ഈ ഒരൊറ്റ സംഭവം മതി.

മരണത്തിലും ആ നിലപാട് അദ്ദേഹം കാത്തുസൂക്ഷിച്ചു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളൊന്നും വേണ്ടെന്ന കുടുംബാംഗങ്ങളുടെ തീരുമാനം അദ്ദേഹത്തിന്റെ നിലപാടുകളുടെ സാക്ഷാത്കാരമായിരുന്നു. സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിർവചനങ്ങളിൽ ഒതുങ്ങി മുന്നോട്ടു നീങ്ങിയ വ്യക്തിത്വമായിരുന്നില്ല അദ്ദേഹം.

മഹാരാഷ്ട്രയിലെ ഇടതുപക്ഷ അനുഭാവമുള്ള നേതാക്കൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ അർബൻ നക്സൽ എന്നാരോപിച്ച് 2018ൽ പൊലീസ് കേസെടുത്തതിനെതിരെയാണ് കർണാട് പ്രതിഷേധ ബോർഡ് തൂക്കി എത്തിയത്. സാമൂഹ്യവ്യവസ്ഥയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയങ്ങൾക്കെതിരെ പ്രതികരിക്കാനും ആ വേദിയിൽ വച്ച് അദ്ദേഹം മടിച്ചില്ല. അന്ന് പൊലീസ് കർണാടിനെതിരെ കേസെടുത്തു. അർബൻ നക്സൽ എന്ന് സ്വയം വിശേഷിപ്പിച്ചതിനാൽ മാവോയിസ്റ്റ് ബന്ധത്തിനുള്ള സാദ്ധ്യത കണ്ടാണ് കേസെടുത്തെന്നായിരുന്നു പൊലീസിന്റെ മുടന്തൻ ന്യായീകരണം.

കലാകാരനെന്നതിലുപരി അക്ഷോഭ്യനായ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. സാമൂഹിക അനീതികൾക്കെതിരെ പ്രതികരിക്കാനും തീവ്ര ഹിന്ദുത്വ നിലപാടുകൾക്കെതിരെ പോരാടാനും അദ്ദേഹം മടിച്ചിരുന്നില്ല.