തിരുവനന്തപുരം: റിയൽ എസ്റ്രേറ്ര് മേഖലയെ നിയന്ത്രിക്കാനുള്ള സംസ്ഥാന റിയൽ എസ്റ്രേറ്ര് റഗുലേറ്രറി അതോറിട്ടി ചെയർമാനായി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ നിയമിക്കാനുള്ള നീക്കത്തിൽ സി.പി.ഐയ്ക്ക് അതൃപ്തിയെന്ന് സൂചന. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ റവന്യു മന്ത്രിയുമായും സി.പി.ഐയുമായും കുര്യൻ ശീതസമരത്തിലായിരുന്നു. വിരമിച്ചശേഷം അദ്ദേഹത്തെ പുതിയ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ സി.പി.ഐയിൽ മുറുമുറുപ്പിന് ഇടയാക്കുന്നതും ഇക്കാരണംകൊണ്ടാണ്.
മൂന്നാറിലെ കൈയേറ്രമൊഴിപ്പിക്കുന്ന കാര്യത്തിലും സബ് കളക്ടർ ശ്രീറാം വെങ്കട്ട രാമനെ മാറ്രിയപ്പോഴും സി.പി.ഐയും സി.പി.എമ്മും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അന്നൊക്കെ റവന്യു മന്ത്രിക്കെതിരായ നിലപാടാണ് കുര്യൻ സ്വീകരിച്ചതെന്ന ആരോപണമായിരുന്നു സി.പി.ഐയ്ക്ക്. മറ്റുചില വിഷയങ്ങളിലും കുര്യനും സി.പി.ഐ മന്ത്രിയും രണ്ടു ധ്രുവങ്ങളിലായിരുന്നു. രണ്ടുതവണ കുര്യനെ റവന്യു വകുപ്പിൽ നിന്ന് മാറ്രണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ കത്ത് നൽകിയിരുന്നു. എന്നാൽ, വിരമിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തന്നെയായിരുന്നു. മന്ത്രിസഭയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പൊതുവേദിയിൽ പ്രസംഗിച്ചു എന്നാരോപിച്ച് കുര്യനെതിരെ കൃഷിമന്ത്രി വി.എസ് സുനിൽകുമാറും പരസ്യമായി പ്രതികരിച്ചിരുന്നു.
പി.എച്ച്. കുര്യൻ ചെയർമാനും മറ്ര് രണ്ടുപേർ അംഗങ്ങളുമായാണ് റിയൽ എസ്റ്രേറ്ര് റഗുലേറ്രറി അതോറിട്ടി നിലവിൽ വരിക. കേന്ദ്ര നിയമമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും അതോറിട്ടി രൂപീകരിക്കേണ്ടതുണ്ട്. റിയൽ എസ്റ്രേറ്ര് മേഖലയുടെ പുരോഗതി, ആരോഗ്യകരമായ വളർച്ച, സുതാര്യത വർദ്ധിപ്പിക്കൽ, ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവയാണ് അതോറിട്ടിയുടെ ചുമതല. കെട്ടിട നിർമ്മാണ മേഖലയെക്കുറിച്ച് സർക്കാരിന് ഉപദേശം നൽകേണ്ടതും അതോറിട്ടിയാണ്.
ഫ്ളാറ്ര്, കെട്ടിട നിർമ്മാണ മേഖലയിൽ ഏക ജാലക രജിസ്ട്രേഷൻ ആരംഭിക്കേണ്ടതും അതോറിട്ടിയുടെ ചുമതലയാണ്. റിയൽ എസ്റ്രേറ്ര് മേഖലയെ വിവിധ ഗ്രേഡുകളാക്കി തിരിക്കുക, അലോട്ടികളുടേയും പ്രമോട്ടർമാരുടയും റിയൽ എസ്റ്രേറ്ര് ഏജന്റുമാരുടെയും താത്പര്യം സംരക്ഷിക്കുക, പരാതി പരിഹാര സെൽ രൂപീകരിക്കുക തുടങ്ങിയവയും അതോറിട്ടിയുടെ ചുമതലയിൽപെടും. അതോറിട്ടി നിലവിൽ വരുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും രജിസ്റ്രർ ചെയ്യേണ്ടി വരും. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഓൺലൈനിൽ അപ്‌ലോഡ് ചെയ്യണം.