കോട്ടയം: കിടത്തി ചികിത്സയ്‌ക്കായി രോഗിയിൽ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്‌ടറെ വിജിലൻസ് അറസ്റ്റ് ചെയ്‌തു. മർമ്മ ചികിത്സാ വിഭാഗം ഡോക്‌ടർ കാരാപ്പുഴ മാളികപ്പടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന ലക്ഷദ്വീപ് തോട്ടത്തിൽക്കര വീട്ടിൽ ഡോ. യു.സി. അബ്‌ദുള്ളയെയാണ് വിജിലൻസ് ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
വെരിക്കോസ് വെയിൻ ചികിത്സയ്‌ക്കായി കഴിഞ്ഞ ദിവസം തോട്ടയ്‌ക്കാട് സ്വദേശി ശ്രീകുമാർ ആശുപത്രിയിലെത്തി ഡോ. അബ്‌ദുള്ളയെ കണ്ടിരുന്നു. എന്നാൽ ബെഡ് ഒഴിവില്ലെന്നും കിടത്തി ചികിത്സിക്കണമെങ്കിൽ പതിനായിരം രൂപ നൽകണമെന്നും ഡോക്‌ടർ ആവശ്യപ്പെട്ടു. ശ്രീകുമാർ ഇക്കാര്യം വിജിലൻസ് എസ്.പി വി.ജി. വിനോദ്‌കുമാറിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം ഫിനോഫ്‌തലിൻ പൗഡർ ഇട്ട് അയ്യായിരം രൂപ ശ്രീകുമാറിന് നൽകി. ഈ പണം ഡോക്‌ടർക്ക് കൈമാറുന്നതിനിടെ
വിജിലൻസ് ഡോക്‌ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേറ്റ് ടാക്‌സ് ഓഫീസർ സി. ബിജുകുമാർ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസിലെ റിസർച്ച് അനലിസ്റ്റ് അഭിലാഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഡോക്‌ടറുടെ പോക്കറ്റിൽ നിന്ന് രൂപ പിടിച്ചെടുത്തു. ഡോക്‌ടറുടെ മേശവലിപ്പിൽ 28,000 രൂപയും, അലമാരയിൽ മദ്യക്കുപ്പികളും കണ്ടെത്തി. വിജിലൻസ് കോടതി ഡോക്‌ടറെ റിമാൻഡ് ചെയ്‌തു.
സി.ഐമാരായ റിജോ പി. ജോസഫ്, വി.എ. നിഷാദ്‌മോൻ, എസ്.ഐമാരായ സന്തോഷ്‌കുമാർ, വിൻസന്റ് കെ. മാത്യു, അജിത് ശങ്കർ, അനിൽകുമാർ, തോമസ് ജോസഫ്, സന്തോഷ്, ജയകുമാർ, വിനോദ്, തുളസീധരക്കുറുപ്പ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ തോമസ്, സാജൻ എന്നിവരാണ് വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നത്.