തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) ഫണ്ടിൽ 3.5 കോടിയുടെ ക്രമക്കേട് നടത്തിയ സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. ക്രൈബ്രാഞ്ച് എ.ഡി.ജി.പി വിനോദ് കുമാറിന്റെ ശുപാർശയിലാണ് അന്വേഷണം. കേസ് നാളെ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് ഡി.ജി.പിയുടെ ഉത്തരവ്. അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാൻകോവിൽ പരൂർക്കുഴി മേലേപാണുവിൽ വീട്ടിൽ സിബി മുകേഷാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നഴ്സുമാരുടെ അംഗത്വ ഫീസായും കേരളത്തിലെ പ്രളയ ദുരന്ത സമയത്തും പിരിച്ച തുകയും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതോട് തൃശൂർ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് കണ്ടെത്താൻ അന്ന് സാധിച്ചിരുന്നില്ല. തുടർന്ന് ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിച്ചിരുന്നു. എന്നാൽ മൂന്നരക്കോടിയുടെ ക്രമക്കേടായതുകൊണ്ട് സംഘടനയുടെ വരവ് ചിലവ് കണക്കുകളും സാമ്പത്തികവുമെല്ലാം ഓഡിറ്റ് ചെയ്താൽ മാത്രമേ അന്വേഷണം നടക്കുകയുള്ളു. അതുകൊണ്ട് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു എ.ഡി.ജി.പി ഡി.ജി.പിക്ക് നൽകിയ ശുപാർശ. ഇതിന്റെ അടിസ്ഥാനാത്തിലാണ് കേസ് അന്വേഷിക്കാൻ ഡി.ജി.പി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
2017 ഏപ്രിൽ മുതൽ കഴിഞ്ഞ ജനുവരി 19 വരെ സംഘടനയുടെ ആക്സിസ് ബാങ്ക് തൃശ്ശൂർ ശാഖയിലെ അക്കൗണ്ടിൽ 3.71 കോടി രൂപ നിക്ഷേപിച്ചിരുന്നതായി രേഖകളുണ്ട്. കരൂർ വൈശ്യ ബാങ്ക് തൃശ്ശൂർ ശാഖയിലും കൊട്ടക് മഹേന്ദ്ര ബാങ്ക് തൃശ്ശൂർ ശാഖയിലുമായി സംഘടനയ്ക്കു പണം ലഭിച്ചിട്ടുണ്ട്. ദേശീയ പ്രസിഡന്റ് ജാസ്മിൻഷായുടെ ഡ്രൈവർ നിതിൻ മോഹനൻ 59.91 ലക്ഷം രൂപ ബാങ്കിൽനിന്ന് പണമായി പിൻവലിച്ചു. ടി.ആർ.എഫ്. ട്രാൻസ്ഫർ വഴി 38.21 ലക്ഷം രൂപയും ബിഗ് സോഫ്റ്റ് ടെക്‌നോളജീസിന് 12.5 ലക്ഷം രൂപയും ഓഫീസ് സ്റ്റാഫായ ജിത്തു 10.48 ലക്ഷം രൂപയും പിൻവലിച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ ഷോബി ജോസഫ് എന്ന യു.എൻ.എ. നേതാവിന്റെ പേരിൽ 15.10 ലക്ഷം രൂപയുടെ ഇടപാടും നടന്നു.
സംഘടനാ തീരുമാനപ്രകാരമല്ലാതെ പല വ്യക്തികൾക്കും ലക്ഷങ്ങൾ കൊടുത്തതായും പരാതിയിൽ പറയുന്നു. അക്കൗണ്ടിൽ വന്ന തുകയിൽനിന്നാണ് ഇത്രയും തുക കാണാതായത്. 2017 ഏപ്രിൽ മുതൽ അംഗത്വ ഫീസായി 20,000 പേരിൽ നിന്നായി 500 രൂപ വീതം 68 ലക്ഷം രൂപ സമാഹരിച്ചു. കൂടാതെ സംസ്ഥാന സമ്മേളന ഫണ്ട്, ഭാരത് സഹായ നിധി, സഫീറത്ത് സഹായനിധി എന്നിവയിലേക്കും ലക്ഷങ്ങൾ പിരിച്ചിരുന്നു. ഇതിന്റെ രേഖകളെല്ലാം ജില്ലായൂണിറ്റ് ഭാരവാഹികളുടെ കൈവശമുണ്ട്. ഈ തുകയൊന്നും സംഘടനയുടെ അക്കൗണ്ടുകളിൽ വന്നിട്ടില്ല. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബെൽജോ ഏലിയാസ് രേഖാമൂലം കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു കത്തു നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ചാരിറ്റബിൾ ട്രസ്റ്റ് ആക്ടും ട്രേഡ് യൂണിയൻ രജിസ്‌ട്രേഷനും അനുസരിച്ച് പൊതുജനങ്ങളിൽനിന്നു പണം പിരിച്ചു നടത്തുന്ന സംഘടനയുടെ സാമ്പത്തിക ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. നഴ്സുമാരുടെ മിനിമം വേതനം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു പോരാട്ടം നടത്തിയ സംഘടനയാണ് യു.എൻ.എ.