news

1. രാജ്യത്തെ ഞെട്ടിച്ച കത്വ കൂട്ട ബലാത്സംഗ കേസിലെ വിധിയില്‍ തൃപ്തിയില്ലെന്ന് പ്രോസിക്യൂഷന്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍. കേസില്‍ ആദ്യ മൂന്ന് പ്രതികളായ ഗ്രാമതലവന്‍ സാഞ്ജി റാം, പര്‍വേഷ് കുമാര്‍, പൊലീസ് ഓഫീസര്‍ ദീപക ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്




2. മറ്റ് 3 പ്രതികളായ ആനന്ദ് മേത്ത, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നിവര്‍ക്ക് 5 വര്‍ഷം കഠിന തടവും പത്താന്‍കോട്ട് സെഷന്‍സ് കോടതി വിധിച്ചു. കേസില്‍ തെളിവ് നശിപ്പിച്ച എസ്.ഐ അടക്കം മറ്റ് മൂന്ന് പൊലീസുകാര്‍ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചു. നാല് പൊലീസുകാര്‍ ഉള്‍പ്പെടെ ആറ് പ്രതികളാണ് കുറ്റക്കാര്‍. തെളിവുകളുടെ അഭാവത്തില്‍ മുഖ്യപ്രതി സാഞ്ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകം, തട്ടികൊണ്ട് പോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. മുഖ്യപ്രതി സാഞ്ജി റാമിന്റെ മരുമകനും കേസില്‍ പ്രതിയാണ്.
3. പ്രായപൂര്‍ത്തി ആകാത്ത ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് പുരോഗമിക്കുക ആണ്. ഇതിന്റെ വിധി പ്രസ്താവം പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ. പത്താന്‍കോട്ട് അതിവേഗ കോടതിയിലെ ജില്ലാ സെഷന്‍സ് ജഡ്ജി തേജ്വീന്ദര്‍ സിംഗാണ് വിധി പ്രഖ്യാപിച്ചത്. 2018 ജനുവരി പത്തിനാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്. കത്വവയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളില്‍ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നല്‍കി മയക്കിയശേഷം നാലു ദിവസം കൂട്ട മാനഭംഗത്തിന് ഇരയാക്കുക ആയിരുന്നു. പ്രദേശത്തു നിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലികളെ ഒഴിപ്പിക്കുക ആയിരുന്നു ക്രൂര കൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
4. എ.കെ ആന്റണിക്ക് എതിരായ സൈബര്‍ ആക്രമണം കെ.പി.സി.സി നേതൃത്വം അന്വേഷിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ആന്റണിക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നത്, അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാന്‍ പറ്റാത്തവരാണ്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളെ കേരളത്തില്‍ വളര്‍ത്തി കൊണ്ടുവന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ച നേതാവാണ് എ.കെ. ആന്റണി
5. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, കേരളത്തിലെ ജനസമൂഹം ഒന്നാകെ ആദരവോടെ കാണുന്ന നേതാവാണ് ആന്റണി. നവമാദ്ധ്യമങ്ങള്‍ എ.കെ ആന്റണിയെ പോലുള്ള ഒരാളെ അധിക്ഷേപിക്കുന്ന ഇടങ്ങളായി അധ:പതിക്കുന്നത് അപകടകരമാണ്. ഇത് അനുവദിക്കാന്‍ പാടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ശക്തമായി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും ഉത്തരവാദികള്‍ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും ബെന്നി ബെഹനാന്‍
6. അറബിക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടുന്നു. ന്യൂനമര്‍ദ്ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റ് വീശാന്‍ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള-കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള തെക്കു കിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. വായു എന്നാണ് ചുഴലിക്കാറ്റിന് പേര് ഇട്ടിരിക്കുന്നത്. ലക്ഷദ്വീപിന് അടുത്ത് 240 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദം രുപപ്പെട്ടിരിക്കുന്നത്.
7. അടുത്ത ആറ് മണിക്കൂറിന് അകം ഇത് തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെടും. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് നിര്‍ദ്ദേശം. ശക്തമായ മഴയ്ക്കും സാധ്യത. അതേസമയം, കാറ്റിന്റെ ഗതി വടക്ക്- പടിഞ്ഞാറന്‍ ദിശയില്‍ ആയതിനാല്‍ കേരളത്തില്‍ ഉള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വ്യാഴാഴ്ചയോടെ കാറ്റ് ഗുജറാത്ത് തീരത്ത് എത്തും. കാറ്റിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകാനും സാധ്യത.
8. തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യപകമായി മഴ പെയ്തു. എറണാകുളത്തും ആലപ്പുഴയിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടായി. നാളെയും മറ്റന്നാളും ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടും ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാണ്.
9. നിപ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ രക്ത സാമ്പിളുകള്‍ വീണ്ടും പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. നിലവില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആര്‍ക്കും നിപയില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു
10. 327 പേരാണ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ഇതില്‍ മുഴുവന്‍ പേരെയും ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുക്കുകയും വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ രോഗബാധിതനായ യുവാവുമായി അടുത്ത് ഇടപഴകിയ 52 പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പറവൂരിലെ വവ്വാലുകളെ പിടികൂടി തുടങ്ങി. ഇവയുടെ ശ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും
11. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ താരം യുവരാജ് സിംഗ് വിരമിച്ചു. 2000 മുതല്‍ 2017 വരെ ഉള്ള 17 വര്‍ഷം നീണ്ട കരിയറാണ് താരം അവസാനിപ്പിച്ചത്. ഇന്ത്യയ്ക്കായി 304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും 28 വിക്കറ്റും സ്വന്തമാക്കി. 2011 ലോകകപ്പ് ടൂര്‍ണമെന്റിലെ താരമായിരുന്നു യുവരാജ് സിംഗ്. ഒരു സെഞ്ച്വറിയും നാല് അര്‍ദ്ധ സെഞ്ച്വറിയുമടക്കം 362 റണ്‍സ് നേടി യു.വി ടൂര്‍ണമെന്റിലെ താരമായി