ശ്രീനഗർ : മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കും വിധം ജമ്മുവിലെ കത്‌വയിൽ എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ എട്ടു പ്രതികളുടെ പങ്കിനെക്കുറിച്ച് കുറ്റപത്രത്തിൽ വിശദീകരിക്കുന്നതിങ്ങനെ:
1. സാഞ്ചിറാം
വിരമിച്ച റവന്യൂ ഉദ്യോഗസ്ഥൻ. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. 60 വയസ്. ബഖർവാല സമുദായക്കാരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തി.
പതിനഞ്ചുകാരനായ അനന്തരവനോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയെ തിരക്കി എത്തിയ അമ്മയോട് അവൾ ഏതോ വീട്ടിൽ സുരക്ഷിതയായി കഴിയുന്നുവെന്നും ഉടൻ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാൻ അഞ്ചു ലക്ഷം രൂപ മുടക്കി.
2. പതിനഞ്ചുകാരൻ
സമീപത്തെ സ്‌കൂളിലെ പ്യൂണിന്റെ മകൻ. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്കൂളിൽ നിന്ന് പുറത്താക്കി. കുതിരകളെ മേയ്ക്കുകയായിരുന്ന പെൺകുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടുപോയി. വായ്‌മൂടിക്കെട്ടി, കൈയും കാലും കെട്ടി മാനഭംഗപ്പെടുത്തി. പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കൂട്ടമാനഭംഗത്തിന് ശേഷം കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.
3. പർവേഷ് കുമാർ
പതിനഞ്ചുകാരന്റെ സഹായി. പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാൻ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെൺകുട്ടിക്കു നൽകി, മാനഭംഗപ്പെടുത്തി.
4. ദീപക് ഖജൂരിയ
സ്പെഷ്യൽ പൊലീസ് ഓഫീസർ. മാനസിക വിഭ്രാന്തിയുള്ളവർക്കു നൽകുന്ന ഗുളിക വാങ്ങി പെൺകുട്ടിക്കു ബലംപ്രയോഗിച്ചു നൽകി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുൻപ് എനിക്കവള ഒന്നു കൂടി വേണമെന്ന് ശഠിച്ചു.
5. വിശാൽ ജംഗോത്ര
സാഞ്ചിറാമിന്റെ മകൻ. യു.പിയിലെ മീററ്റിൽ ബി.എസ്‌സി വിദ്യാർത്ഥി. പതിനഞ്ചുകാരനായ കൂട്ടുപ്രതി അറിയിച്ചതുപ്രകാരം മീററ്റിൽനിന്ന് കത്‌വയിലെത്തി. പെൺകുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാനും മുൻകൈയെടുത്തു.
6. തിലക് രാജ്
ഹെഡ്‌കോൺസ്റ്റബിൾ. കേസ് ഒതുക്കുന്നതിനു സാഞ്ചിറാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിച്ച് തെളിവുകൾ ശേഖരിച്ചില്ലെന്ന് ഉറപ്പാക്കി. അഞ്ചുലക്ഷത്തോളം രൂപ സാഞ്ചിറാമിൽ നിന്ന് കൈപ്പറ്റി.
7. സുരീന്ദർ കുമാർ
സ്പെഷ്യൽ പൊലീസ് ഓഫീസർ. മാനഭംഗം ചെയ്തതായി തെളിവില്ല. ദേവാലയത്തിനുള്ളിൽ പെൺകുട്ടിയെ സൂക്ഷിച്ച ഏഴുദിവസവും കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങളും ബഖർവാല സമുദായത്തിന്റെ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.
8. ആനന്ദ് ദത്ത
ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. കേസന്വേഷണം പ്രഹസനമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയിൽ മാത്രം കുറ്റംചുമത്തി മറ്റു പ്രതികളെ മുഴുവൻ ഒഴിവാക്കാൻ കരുനീക്കി. രക്ത സാംപിൾ പോലും ശേഖരിക്കാതെ വിട്ടു. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങനെ എന്ന് തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. അഞ്ചുലക്ഷം രൂപ കൈക്കൂലിയിൽ നാലു ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.