pakistan

ന്യൂഡൽഹി: ബലാകോട്ട് മാതൃകയിൽ ഇന്ത്യ ആക്രമണം നടത്തുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ പൂട്ടി. അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യ ചെലുത്തിയ സമ്മർദത്തെ തുടർന്നുമാണ് ഭീകര കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ പാകിസ്ഥാനിൽ തീവ്രവാദ കേന്ദ്രങ്ങൾ ഇല്ലെന്ന് പാക് സർക്കാർ വ്യക്തമാക്കിയിരുന്നു.

എന്നാൽ അതിനെതിരെ ഇന്ത്യ തെളിവുകൾ നിരത്തി തീവ്രവാദ കേന്ദ്രങ്ങൾ ഉണ്ടെന്ന് തെളിയിച്ചിരുന്നു. ഇന്ത്യയുടെ സമ്മർദത്തെ തുടർന്ന് ക്യാമ്പുകൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ നിർബന്ധിതമായതെന്നും റിപ്പോർട്ടിൽ പറയുന്നു. പാക് അധീന കശ്മീരിലെ മുസാഫറാബാദിലും കോട്‌ലിയിലും അഞ്ച് വീതവും ബർണയില്‍ ഒരു ഭീകരവാദ ക്യാമ്പും ഉൾപ്പെടെ 11 ക്യാമ്പുകൾ ഉള്ളതായി ഇന്ത്യ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയിരുന്നു.

തുട‌ർന്ന് ഇന്ത്യയിലെ സുന്ദർബാനി, രജൗരി മേഖലകൾക്ക് സമാന്തരമായി ലഷ്‌കറെ ത്വയിബ സ്ഥാപിച്ച ഭീകര ക്യാമ്പുകളെല്ലാം അടച്ചുപൂട്ടിയിരുന്നു. ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകളുടെ കേന്ദ്രങ്ങളും പൂട്ടിയതിൽ ഉൾപ്പെടുന്നു. മേഖലയിൽ ഇന്ത്യൻ സെെന്യത്തിന്റെ ആക്രമണം ഭയന്നാണ് ഭീകരകേന്ദ്രങ്ങൾ പൂട്ടിയതെന്നും റിപ്പോർട്ടിലുണ്ട്.

പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് വഷളായ ഇന്ത്യ പാക് ബന്ധം സഹകരണത്തോടെ മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇമ്രാൻ ഖാൻ കത്തയച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാം തവണയും മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോൾ അഭിനന്ദനം അറിയിച്ച് ഇമ്രാൻ ഖാൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. വികസനത്തിനും മേഖലയിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച അനിവാര്യമാണെന്നും ഇമ്രാൻ ഖാന്റെ കത്തിൽ പറയുന്നു.