ന്യൂഡൽഹി : കത്‌വ കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ച നിമിഷം അഭിഭാഷക ദീപികസിംഗ് രജാവത്ത് അഭിമാനത്തോടെ തല ഉയർത്തി. കത്‌വ കേസിലെ പെൺകുട്ടിക്ക് വേണ്ടി കേസ് ഏറ്റെടുക്കാൻ ആരുമില്ലാതിരുന്ന സാഹചര്യത്തിൽ ധൈര്യപൂർവം കേസെടുത്ത ദീപിക (38) താണ്ടിയത് അക്ഷരാർത്ഥത്തിൽ കനൽവഴികളാണ്. കഴിഞ്ഞു പോയത് വധഭീഷണികളും ബലാത്സംഗ ഭീഷണികളും ഒറ്റപ്പെടുത്തലുകളും നിറഞ്ഞ നരക പീഡനങ്ങളുടെ ഒരു വർഷമായിരുന്നു.
പത്താൻകോട്ടിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയ ശേഷം കേസിന്റെ വാദം കേൾക്കാൻ കൃത്യമായി ഹാജരാകുന്നില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം കേസിൽ നിന്ന് ഒഴിവാക്കിയെങ്കിലും ദീപികയ്ക്കെതിരായ പീഡനങ്ങൾ അവസാനിച്ചിരുന്നില്ല. കേസിന്റെ വിധി പറഞ്ഞ ഇന്നലെ പത്താൻകോട്ടിലെ കോടതിയിൽ അതിരാവിലെ തന്നെ ദീപികയും എത്തിയിരുന്നു.
തെറിവിളികളുടെയും വധ, ബലാത്സംഗ ഭീഷണികളുടെയും ഒരു വർഷമാണ് കഴിഞ്ഞുപോയതെന്ന് ദീപിക ഓർക്കുന്നു. ഓരോ തവണയും വീട്ടിലേക്ക് കടക്കുമ്പോൾ വീട്ടിലെ പ്രധാന വാതിൽ താൻ രണ്ടു തവണ പരിശോധിക്കുമായിരുന്നു. തന്നെയും ഭർത്താവിനെയും മകളെയും അപായപ്പെടുത്താൻ ആരെങ്കിലും പതുങ്ങി ഇരിക്കുന്നുണ്ടാവുമെന്ന ചിന്തയായിരുന്നു ദീപികയ്ക്ക്. ഈ കരുതൽ ജീവിതത്തിന്റെ ഭാഗമായി മാറി. നിരന്തരമായി വധഭീഷണികൾ വരാൻ തുടങ്ങിയതോടെ സംസ്ഥാന സർക്കാർ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തി തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം നടക്കുന്നതായും ഭയന്നിരുന്നെന്ന് ചാനൽ അഭിമുഖത്തിൽ ദീപിക വെളിപ്പെടുത്തി. കോടതിയിലെ ആൾക്കൂട്ടങ്ങൾക്ക് ഇടയിലൂടെ നടന്ന് പോകുമ്പോൾ ആളുകൾ തുറിച്ച് നോക്കുകയും പിറുപിറുക്കുകയും ചെയ്യുമായിരുന്നു. കേസിലെ പ്രതികൾക്ക് അനുകൂലമായി നടന്ന പ്രകടനങ്ങളിൽ ദീപികയുടെ സഹപ്രവർത്തകരായ അഭിഭാഷകരും പങ്കെടുത്തിരുന്നു.
കേസിന്റെ മുഖമായി മാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് ഭീഷണികൾ ആരംഭിക്കുന്നത്. ദേശദ്രോഹിയായി മുദ്രകുത്തി സ്വന്തം സഹപ്രവർത്തകരും ബന്ധുക്കളും അയൽവാസികളും പോലും ഒറ്റപ്പെടുത്തി. തനിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നു. ജീവിതം തന്നെ മാറി. കുടുംബത്തിൽ നിന്ന് പോലും സമ്മർദ്ദമുണ്ടായപ്പോഴും കേസ് ഉപേക്ഷിക്കാൻ തയ്യാറായില്ല.
അപവാദങ്ങൾ തനിക്ക് കൂടുതൽ കരുത്ത് പകർന്നു. ഒരു മുസ്ലിം പെൺകുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തന്റെ ആറ് വയസുകാരി മകൾക്കും മനുഷ്യത്വത്തിന്റെ പാഠങ്ങൾ പകർന്നു നൽകിയെന്നും ദീപിക വിലയിരുത്തുന്നു. ദീപികയുടെ ഇടപെടലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതിന് കാരണമായത്. മുൻ മാദ്ധ്യമപ്രവർത്തക കൂടിയായ ദീപിക മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്.