crime

ഔറംഗബാദ്: കാമുകനോടൊപ്പം ഒളിച്ചോടാൻ കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച വീട്ടമ്മയെയും കാമുകനെയും പൊലീസ് അറസ്റ്ര് ചെയ്തു. മുംബയ്ക്കടുത്ത് ഔറംഗബാദ് ജില്ലയിലെ മറാഠ്വാഡ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തിന് ശേഷം ഭർത്താവിനെ ആത്മഹത്യപ്രേരണ കേസിൽ കുരുക്കാനുള്ള തെളിവുകളും വീട്ടമ്മ ഒരുക്കിയിരുന്നു. വീട്ടമ്മ സോനാലി ഷിൻഡെ (30), കാമുകൻ ഛബ്ബാദാസ് വൈഷ്ണവ് (26) എന്നിവരാണ് അറസ്റ്റിലായത്. ഛബ്ബാദാസിന്റെ സഹായത്തോടെയാണ് വീട്ടമ്മ കൂട്ടുകാരിയെ കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം വീട്ടമ്മ തന്റെ വസ്ത്രവും ചെരുപ്പുകളും ചില ആഭരണങ്ങളും മൃതദേഹത്തിൽ അണിയിച്ച് കത്തിച്ചു. ഭർത്താവിന്റെ അമിത മദ്യപാനവും ശാരീരിക പീഡനവും കാരണമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന കുറിപ്പും മൃതദേഹത്തിന് അരികിൽ സോനാലി എഴുതിവച്ചിരുന്നു. തുടർന്ന് വസ്ത്ര ഭാഗങ്ങളും ആഭരണങ്ങളും കണ്ട് മൃതദേഹം സോനാലിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ സംസ്‌കരിക്കുകയും ഭർത്താവ് സദാശിവ് ഷിൻഡെയ്ക്ക് എതിരെ പരാതി നൽകുകയും ചെയ്തു.

ഇതിനിടെ കൂട്ടുകാരി രുക്മൺബായിയെ കാണാതായത് റിപ്പോർട്ട് ചെയ്‌തതോടെയാണ് കേസ് വഴിത്തിരിവായത്. കേസന്വേഷിച്ച ഉദ്യോഗസ്ഥർക്ക് രണ്ട് സംഭവവുമായി ബന്ധപ്പമുണ്ടെന്ന സംശയം ഉടലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടമ്മ സോനാലി ജീവിച്ചിരിപ്പുണ്ടെനന് പൊലീസിന് മനസിലായി. ഇവരെ പിടികൂടിയതിന് ശേഷം സത്യാവസ്ഥ പുറത്തുവരുകയായിരുന്നു.