youvaraj

മുംബയ്: ഏകദിന ക്രിക്കറ്റിന് ഇന്ത്യ സമ്മാനിച്ച എക്കാലത്തെയും മികച്ച താരങ്ങളിലൊരുവൻ, 2007ലെ ട്വന്റി-20, 2011 ഏകദിന ലോകകപ്പുകളിലെ ഇന്ത്യൻ തേരോട്ടത്തിന്റെ കേന്ദ്ര ബിന്ദു, യുവ്‌രാജ് സിംഗ്. ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാഴ്ത്തിയാണ് ഈ ഇതിഹാസം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടവാങ്ങുന്നത്. വിരമിക്കൽ മത്സരം പോലുമില്ലാതെയാണ് യുവി ക്രീസ് വിട്ടുപോകുന്നത്. തന്റെ വിരമിക്കൽ കേവലം ഒരു വാർത്താസമ്മേളനത്തിലൂടെ യുവരാജിന് പ്രഖ്യാപിക്കേണ്ടി വന്നു. എന്തുകൊണ്ടാണ് യുവരാജിന് വിമരമിക്കാൻ ഒരു മത്സരം പോലും കിട്ടാഞ്ഞതെന്ന് എല്ലാം ആരാധകരും ഉന്നയിക്കുന്ന ചോദ്യമാണ്. ഇപ്പോൾ അതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ജൂണിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ കളിച്ചുകഴിഞ്ഞ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ ബി.സി.സി.ഐ ഫിറ്റ്നസ് ടെസ്റ്റായ യോയോ ടെസ്റ്റിൽ പരാജയപ്പെട്ടാൽ വിടവാങ്ങൽ മത്സരത്തിന് അവസരം നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യോയോ ടെസ്റ്റ് വിജയിച്ചിട്ടും മത്സരം ലഭിച്ചില്ല. ഇങ്ങനെയൊരു മത്സരം വേണമെന്ന് പറഞ്ഞ് താൻ ക്രിക്കറ്റ് ബോർഡിനെയോ ഉദ്യോഗസ്ഥരെയോ സമീപിച്ചിട്ടില്ലെന്നും യുവരാജ് വ്യക്തമാക്കി.

19 കൊല്ലം മുൻപ് ഒരു പതിനെട്ടുകാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടികടന്നെത്തിയ യുവ‌്‌രാജ് സിംഗ് പകരം വയ്ക്കാനില്ലാത്ത ഒരുപിടി ഓർമ്മകൾ അവശേഷിപ്പിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2000ത്തിലെ ചാമ്പ്യൻസ് ട്രോഫിയിൽ ആസ്ട്രേലിയയെ അടിച്ചു പറത്തിയതും 2002ലെ നാറ്റ്‌വെസ്റ്റ ട്രോഫി ഫൈനലിൽ മുഹമ്മദ് കൈഫിനെ ഒപ്പം കൂട്ടി അവിസ്‌മരണീയവും അവിശ്വസനീയവുമായ രീതിയിൽ വിജയം പിടിച്ചടക്കിയതും 2007ലെ ട്വന്റി-20 ലോകകപ്പിൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിലെ ആറ് പന്തുകളിലും സിക്സടിച്ചതും ധോണിക്ക് കപ്പുയർത്താൻ കൈമെയ് മറന്ന് സഹായം നൽകിയതും 2011ലെ ലോകകപ്പിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ദ്രജാലം കാട്ടി പ്ളേയർ ഒഫ് ദ സീരീസായതും ആരും മറക്കില്ല.

അതേസമയം വിടവാങ്ങൽ മത്സരം ലഭിക്കാത്തിലുള്ള വേദന എത്രത്തോളമുണ്ടാകുമെന്ന് വീരേന്ദർ സെവാഗ് പങ്കുവെച്ചു.എന്നാൽ അങ്ങനെ ഒരു മത്സരം വേണമെന്ന് യുവി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിഹാസ താരങ്ങളായ വിവിഎസ് ലക്ഷ്മണും രാഹുൽ ദ്രിവിഡിനും അർഹിച്ച വിടവാങ്ങൽ ലഭിച്ചിട്ടില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.