കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പിയും തൃണമുൽ കോൺഗ്രസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗവർണർ കേസരിനാഥ് ത്രപാഠി പ്രധാനമന്ത്രിയേയും അമിത് ഷായേയും സന്ദർശിച്ചു. സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യങ്ങൾ ഗവർണർ ഇരുവരെയും ധരിപ്പിച്ചു. എന്നാൽ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു.
പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം തൃണമൂൽ ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലും വെടിവയ്പിലും എട്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനവ്യാപകമായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി പാർട്ടി ഓഫീസിലേക്ക് വിലാപയാത്ര നടത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തെ പൊലീസ് തടഞ്ഞതോടെയാണ് സംസ്ഥാനവ്യാപകമായി സംഘർഷം വ്യാപിച്ചത്.
പന്ത്രണ്ട് മണിക്കൂർ ബന്ദിനും ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം ബംഗാളിൽ നടക്കുന്ന അക്രമ സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. സംഘർഷത്തെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിനോട് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു. അതേ സമയം രാഷ്ട്രീയ പരിപാടികൾ നിയന്ത്രിച്ച മമതാ ബാനർജിയുടെ നടപടികളെ പ്രതിരോധിക്കുമെന്ന് ബി.ജെ.പി ജനറ.ൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയ വ്യക്തമാക്കിയിരുന്നു.