ബ്രസീൽ 7 - ഹോണ്ടുറാസ് 0
സാവോപോളോ : കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന് തയ്യാറെടുക്കുന്ന ബ്രസീലിയൻ ടീമിന് അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസിനെതിരെ എതിരില്ലാത്ത ഏഴ് ഗോളുകളുടെ വിജയം. ബ്രസീലിനായി ഗബ്രിയേസ് ജീസസ് രണ്ട് ഗോളുകൾ നേടി. തിയാഗോ സിൽവ, കുടീഞ്ഞോ, ഡേവിഡ് നെരെസ്, റോബർട്ടോ ഫിർമിനോ, റിച്ചാർലിസൺ എന്നിവർ ഓരോ ഗോളടിച്ചു. മത്സരത്തിനിടെ മിഡ്ഫീൽഡർ ആർതർക്ക് പരിക്കേറ്റു. കോപ്പയിൽ ആർതർ കളിക്കുന്ന കാര്യം സംശയമാണ്. നേരത്തേ പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പർതാരം നെയ്‌മറും കോപ്പയിലുണ്ടാകില്ല.
നദാൽ വിംബിൾഡണിൽ കളിക്കും
പാരീസ് : ഫ്രഞ്ച് ഓപ്പണിലെ തന്റെ 12-ാം കിരീട നേട്ടത്തിനുശേഷം ഈ വർഷം വിംബിൾഡണിൽ കളിക്കുമെന്ന് റാഫേൽ നദാൽ അറിയിച്ചു. പരിക്ക് ബുദ്ധിമുട്ടിക്കുന്നതിനാൽ ഈ വർഷം വിംബിൾഡണിൽ കളിക്കുന്ന കാര്യം ഫ്രഞ്ച് ഓപ്പണിന് ശേഷം തീരുമാനിക്കുമെന്നാണ് നദാൽ അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷം നദാൽ വിംബിൾഡണിൽ സെമിവരെ എത്തിയിരുന്നു.
ഇന്ത്യ തജിക്കിസ്ഥാനെതിരെ
ന്യൂഡൽഹി : ഈ വർഷത്തെ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ജൂലായ് ഏഴിന് ആദ്യ മത്സരത്തിൽ തജികിസ്ഥാനെ നേരിടും. ജൂലായ് 13 ഉത്തര കൊറിയയെയും 16ന് സിറിയയെയും നേരിടും. ഇക്കുറി അഹമ്മദാബാദിലാണ് ടൂർണമെന്റ് നടക്കുന്നത്.