തിരുവനന്തപുരം: അപ്രതീക്ഷിതമായ ദുരന്ത വാർത്തയിലേക്കാണ് പേട്ട പുള്ളി ലെയ്നിലെ താമസക്കാർ ഇന്നലെ ഉണർന്നത്. അതിരാവിലെ തങ്ങളെ തേടിയെത്തിയ ദുരന്ത വാർത്ത കേട്ടവരെല്ലാം നടുങ്ങി. പുലർച്ചെ ലൈൻ കമ്പി പൊട്ടിവീണ് ഷോക്കടിച്ച് രണ്ടുപേർ മരിച്ച വിവരം വൈകിയാണ് നാട്ടുകാർ അറിയുന്നത്. ലെയ്നിൽ റോഡിന്റെ ഇരുവശത്തും നിറയെ താമസക്കാരുണ്ടെങ്കിലും കനത്ത മഴയിൽ ആളുകൾ പുറത്തിറങ്ങാൻ വൈകി. ആറരയോടെ പത്രവിതരണത്തിനെത്തിയ യുവാവാണ് സംഭവം ആദ്യം കണ്ടത്.
രണ്ടുപേർ വെള്ളത്തിൽ വീണ് കിടക്കുന്നതും ഇലക്ട്രിക് ലൈൻ വെള്ളത്തിൽ വീണു കിടക്കുന്നതും കണ്ട ഇയാൾക്ക് അപകടം മനസിലായി. പത്രക്കെട്ടുമായി വന്ന സൈക്കിൾ മാറ്റിവച്ചിട്ട് പേട്ട പൊലീസിൽ വിളിച്ചറിയിച്ചു. ട്യൂഷന് വന്ന രണ്ടുകുട്ടികളെ റോഡിലേക്ക് കടക്കാതെ ഇയാൾ തടഞ്ഞ് വലിയ ദുരന്തം ഒഴിവാക്കുകയും ചെയ്തു. പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമെത്തി വൈദ്യുതി ലൈൻ ഓഫ് ചെയ്യുന്നതുവരെ അരമണിക്കൂറോളം രാധാകൃഷ്ണനാചാരിയും പ്രസന്നകുമാരിയും ഷോക്കേറ്റ് റോഡിൽ കിടന്നു.
ഇതിനോടകം അപകടവാർത്ത പുള്ളി ലെയ്ൻ റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ പരന്നിരുന്നു. അപകടം അറിഞ്ഞിട്ടും ആളുകൾ പേടിച്ച് സംഭവ സ്ഥലത്തേക്ക് വരാൻ മടിച്ചു. ലെയ്ൻ ഓഫ് ചെയ്ത് അപകടഭീതി മാറിയ ശേഷമാണ് പലരും സ്ഥലത്തേക്കെത്തിയത്.
ഇലക്ട്രിക് ലൈനിനെ കുറിച്ച് സ്ഥിരം പരാതി
ചെറിയ കാറ്റോ മഴയോ വന്നാൽ പോലും വൈദ്യുതി മുടക്കം പതിവാണെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പരാതിപ്പെട്ടാലും അത് ചെയ്യാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
വാർഡ് കൗൺസിലർ അനിൽകുമാറും ഇക്കാര്യം സമ്മതിക്കുന്നു. പഴയ ലൈൻ കമ്പികളാണ് കൂടുതലും. അപകട സാദ്ധ്യതയെ പറ്റി നാട്ടുകാരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും സ്ഥിരം പരാതിപ്പെടാറുണ്ടെന്നും അദ്ദേഹം പറയുന്നു. മഴക്കാലത്തിനു മുമ്പ് പ്രദേശത്ത് അപകടകരമായി നിന്ന മരച്ചില്ലകൾ വെട്ടി മാറ്റിയതാണെന്നും ഇത് അപ്രതീക്ഷിതമായി തെങ്ങോല കമ്പിയിൽ വീണ് സംഭവിച്ച അപകടമാണെന്നും കെ.എസ്.ഇ.ബി കഴക്കൂട്ടം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ ജി. ശ്യാംകുമാർ കേരളകൗമുദിയോട് പറഞ്ഞു.
വെള്ളക്കെട്ട് പ്രദേശം
കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ അയൽവാസികളായ രണ്ടുപേരെ മരണം തട്ടിയെടുത്തതിന്റെ നടുക്കത്തിലാണ് പേട്ട പുള്ളി ലെയ്നും പരിസരവും. പുള്ളി ലെയ്ൻ സ്ഥിരം വെള്ളക്കെട്ട് പ്രദേശമാണ്.
ചാക്കയിൽ നിന്ന് കല്ലുംമൂട് റെയിൽവേ ട്രാക്ക് വരെയുള്ള ലെയ്നിന്റെ ഇരുവശങ്ങളിലും നിരവധി താമസക്കാരുണ്ട്. ഇതിൽ ഇടതു വശത്തെ വീടുകളെ മഴക്കാലത്ത് വെള്ളക്കെട്ട് ബാധിക്കും. നേരത്തേ വയലായിരുന്നു ഇവിടം. ഇപ്പോഴും ചതുപ്പ് നിറഞ്ഞ പ്രദേശമാണ്. ചെറിയ മഴയിൽ തന്നെ വീടു പരിസരവും ഇടറോഡും വെള്ളം നിറയും. കാറ്റിൽ മരം വീണ് ലെയ്ൻ കമ്പി പൊട്ടി വീണ സംഭവങ്ങൾ നേരത്തേയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും മരണം സംഭവിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്നലത്തെ സംഭവം വലിയ ആഘാതമാണ് നിവാസികളിൽ ഉണ്ടാക്കിയിട്ടുള്ളത്. ഇത് അവരുടെ സംസാരത്തിൽ തന്നെ ഉണ്ടായിരുന്നു. മഴ തുടർന്നു കൊണ്ടിരിക്കെ വെള്ളക്കെട്ടുള്ള ഈ വഴി നടക്കാൻ തന്നെ പേടിയാണെന്ന് ഇവർ ആശങ്കപ്പെടുന്നു.