തിരുവനന്തപുരം: ആർത്തിരമ്പിയെത്തിയ തിരമാലകൾ തന്റെ ഒരായുസിന്റെ അദ്ധ്വാനം കവർന്നെടുത്ത് കടന്നുകളഞ്ഞപ്പോൾ നോക്കി നിൽക്കാനേ വലിയതുറ സ്വദേശി ജെറിന് കഴിഞ്ഞുള്ളൂ. 'എന്ത് ചെയ്യാനാ !
കഴിഞ്ഞ മഴക്കാലത്ത് സമീപത്തെ നാല് വീടുകൾ പോയി. ഇത്തവണ എന്റെ വീടും.
പിള്ളേരെയും കെട്ട്യോളേം അയൽവീട്ടിലേക്ക് മാറ്റി. ട്രോളിംഗ് നിരോധനം കൂടി വന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ് '-വീടിന്റെ അവശേഷിച്ച ഭിത്തിയും കടലെടുക്കുന്നത് നോക്കി നിന്ന് ജെറിൻ പറഞ്ഞു.
ഇത് ജെറിന്റെ മാത്രം കാര്യമല്ല. കടൽക്ഷോഭം ശക്തമായതോടെ തീരദേശവാസികളെല്ലാം ഭീതിയിൽ കഴിയുകയാണ്. ഏത് നിമിഷം വേണമെങ്കിലും തങ്ങളുടെ വീടുകൾ കടലെടുക്കുമെന്ന് അവർ പറയുന്നു.
കഴിഞ്ഞ ദിവസം മുതൽ വലിയതുറയിൽ കനത്ത മഴയ്ക്കൊപ്പം കടൽക്ഷോഭവും ശക്തമായി. കടൽക്ഷോഭത്തിൽ ഇരുനിലകെട്ടിടം ഉൾപ്പെടെ രണ്ടുവീടുകൾ കടലിൽ പതിച്ചു. കടലിനോട് അടുത്ത വീടുകളിലെല്ലാം വെള്ളം കയറി. ചെറിയതുറ മുതൽ കൊച്ചുതോപ്പ് വരെ ഒന്നാം നിരയിലെ വീടുകളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വലിയതുറ തീരത്തെ 200 ഓളം കുടുംബങ്ങളാണ് കടൽക്ഷോഭ ഭീഷണി നേരിടുന്നത്. പലയിടത്തും തീരത്തുനിന്നു പത്തു മീറ്ററോളം കടൽ കരയിലേക്കു കയറി.
കഴിഞ്ഞ ഇരുപതുവർഷമായി കടൽക്ഷോഭം നേരിടുന്ന മേഖലയാണ് വലിയതുറയും ചെറിയതുറയും. കഴിഞ്ഞ മാസം അവസാനം തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ ഒമ്പത് വീടുകളാണ് വലിയതുറയിൽ പൂർണമായി തകർന്നത്. മുപ്പതോളം പേർ എന്നെന്നേക്കുമായി തെരുവിലായി. നൂറോളം പേരെ വലിയതുറ ബഡ്സ് യു.പി സ്കൂൾ, വലിയതുറ ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
പുലിമുട്ടും കടൽഭിത്തിയും എവിടെ?
വലിയതുറ ഭാഗത്തെ തീരം സംരക്ഷിക്കാൻ കടൽഭിത്തിയും പുലിമുട്ടുകളും നിർമ്മിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിൽ പുലിമുട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. വലിയതുറയ്ക്ക് സമീപം 71 ലക്ഷം രൂപ ചെലവഴിച്ച് ചെറിയതുറ വരെ പുലിമുട്ട് നിർമ്മിച്ചു. എന്നാൽ അവയൊന്നും ശാസ്ത്രീയമല്ലെന്നും ആരോപണമുണ്ട്. പുലിമുട്ടുകൾക്ക് നീളം കുറവാണ്. 300 മീറ്റർ നീളത്തിൽ പുലിമുട്ടുകൾ നിർമ്മിച്ചാലേ കടൽക്ഷോഭം തടയാൻ കഴിയൂവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
കടൽഭിത്തി നിർമാണത്തിന് അപേക്ഷയുമായി കളക്ടറേറ്റ് കയറിയിറങ്ങുന്നവരോട് ഭിത്തികെട്ടാൻ പാറ ലഭ്യമല്ലെന്ന മറുപടിയാണ് ജില്ലാ ഭരണകൂടം നൽകുന്നത്. ശാസ്ത്രീയമായ കടൽഭിത്തി നിർമാണത്തിലേക്ക് സർക്കാർ നീങ്ങിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വറുതിയുടെ നിഴലിൽ കടലോരം
ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത യന്ത്രവത്കൃത ബോട്ടുകളെല്ലാം തീരമണഞ്ഞു. ഇതരസംസ്ഥാന ബോട്ടുകളും തീരം വിട്ടു. തലസ്ഥാനത്ത് നിന്ന് നേരിട്ട് മത്സ്യബന്ധനയാനങ്ങൾ കടലിലിറങ്ങുന്നില്ലെങ്കിലും വലിയ വള്ളങ്ങളിൽ കടലിൽ പോകുന്ന തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ മഴക്കാലമാണ്.