തിരുവനന്തപുരം: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സംഭരണിയുടെ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. നഗരവാസികൾ കരിയില കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കാനാണ് കരിയില സംഭരണി സ്ഥാപിച്ചത്. വെള്ളയമ്പലം കവടിയാർ റോഡിൽ മൻമോഹൻ ബംഗ്ലാവിന് എതിർവശത്തായി സ്ഥാപിച്ച കരിയില സംഭരണിയിൽ കരിയില നിക്ഷേപിച്ചാണ് മേയർ ഉദ്ഘാടനം നിർവഹിച്ചത്. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, ഹെൽത്ത് സൂപ്പർവൈസർ എസ്. പ്രകാശ് എന്നിവർ പങ്കെടുത്തു.
നഗര പാതകൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന കരിയിലകൾ ഈ സംഭരണികളിൽ ശേഖരിക്കും. സംഭരണികൾ നിറയുന്നതനുസരിച്ച് കരിയില പ്രത്യേകം ഷ്രെഡറുപയോഗിച്ച് പൊടിച്ച് എയ്റോബിക് ബിന്നുകളിലേക്ക് മാറ്റി കമ്പോസ്റ്റ് ചെയ്യും. പാതയോരങ്ങളിൽ സ്ഥാപിക്കുന്ന കരിയില സംഭരണികളുടെ ചുമതല ബന്ധപ്പെട്ട മേഖലയിലെ ശുചീകരണ തൊഴിലാളിക്കായിരിക്കും. ആദ്യഘട്ടമെന്നോണം നഗരത്തിലെ മറ്റ് രണ്ട് കേന്ദ്രങ്ങളിലും കരിയില സംഭരണികൾ സ്ഥാപിക്കുമെന്ന് മേയർ പറഞ്ഞു.