തിരുവനന്തപുരം: ഈ പരിസ്ഥിതി ദിനത്തിൽ മികച്ച പരിസ്ഥിതി സൗഹൃദ മാതൃകയ്ക്കുള്ള അവാർഡ് നേടിയ മുട്ടത്തറയിലെ ഖരമാലിന്യ പ്ലാന്റിൽ മാലിന്യനീക്കം നിലച്ചു. മുട്ടത്തറയിലെ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളവും ഖരമാലിന്യവും എന്തുചെയ്യുമെന്നറിയാതെ ഉഴലുകയാണ് അധികൃതർ. മഴക്കാലം തുടങ്ങിയതോടെ പ്ളാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഒലിച്ചിറങ്ങുകയാണ്. ഇത് ജീവനക്കാർ അടക്കമുള്ളവർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
സ്വിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിക്കുന്ന വെള്ളവും ഖരമാലിന്യവും ഏറ്റെടുക്കാൻ ആളില്ലാത്തത് കാരണമാണ് പ്ളാന്റിന്റെ പരിസരത്ത് ഇവ കൂട്ടിയിട്ടിരിക്കുന്നത്.
സി. ജയൻബാബു മേയറായിരിക്കെയാണ് മുട്ടത്തറയിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്വിവറേജ് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കാൻ തറക്കല്ലിട്ടത്. എ.ഡി.ബി വായ്പയിൽനിന്നും ജൻറം പദ്ധതിയിൽനിന്നും 40% തുക വീതവും സംസ്ഥാന സർക്കാർ വിഹിതമായി 20% തുകയും ചെലവഴിച്ചാണു പ്ളാന്റ് നിർമ്മിച്ചത്. കെ. ചന്ദ്രിക മേയറായിരുന്ന സമയത്തു മാസത്തിൽ രണ്ടെന്ന കണക്കിന് അവലോകന യോഗം കൂടിയാണ് നിർമാണം പൂർത്തിയാക്കിയത്.
കൃഷി വകുപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ മാലിന്യം ഇല്ലാതാക്കാൻ കോർപറേഷൻ മുൻ ഭരണസമിതി മുൻകൈയെടുത്തു പൂക്കൃഷി നടത്തിയിരുന്നെങ്കിലും വരുമാനം കുറഞ്ഞതിനാൽ നിറുത്തി.
നിലവിൽ 64 വാർഡുകളെ പ്ലാന്റിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള കാലതാമസമാണ് ഇതിനു കാരണം. നഗരസഭയുടെ 2019 -20 വികസന പദ്ധതിയുടെ ഭാഗമായി മറ്റ് വാർഡുകളിൽ നിന്ന് ഡ്രെയിനേജ് കൊണ്ടുവന്ന് പ്ളാന്റിന്റെ ശേഷി ഉയർത്താൻ ആലോചനയുണ്ട്. പ്ളാന്റിലെ വെള്ളം നഗരത്തിലെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
ഡ്രെയിനേജ് വിപുലീകരണ പദ്ധതി നടപ്പാക്കിയാൽ നഗരപരിധിയിലെ 75 ശതമാനം വാർഡുകളിലെ ഡ്രെയിനേജും ഇവിടെ സംസ്കരിക്കാൻ കഴിയുമെന്ന് പ്ലാന്റിന്റെ ചുമതലയുള്ളവർ പറയുന്നു.
അവസ്ഥ
l പൂർണമായ തോതിൽ പ്ലാന്റ് പ്രവർത്തിപ്പിക്കാനാകുന്നില്ല.
l കോർപറേഷൻ പരിധിയിലെ ജനസംഖ്യ 10 ലക്ഷം
l ജനസംഖ്യയിൽ പ്ലാന്റിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് 3.5 ലക്ഷം
പ്രവർത്തിക്കുന്നത്
നഗരത്തിൽ നിന്ന് ഇവിടെയെത്തിക്കുന്ന ഡ്രെയിനേജിൽ നിന്ന് ജലം ശുദ്ധീകരിക്കുകയും മാലിന്യം വളമാക്കുകയുമാണ് ചെയ്യുന്നത്. പ്ലാന്റിൽ ശുദ്ധീകരിക്കുന്ന വെള്ളം കെട്ടിടനിർമാണ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാം. അത് ആവശ്യക്കാർക്ക് സൗജന്യമായി നൽകുകയും ചെയ്യും.
പദ്ധതിക്കേറ്റ തിരിച്ചടി
പ്ലാന്റിൽ ശുദ്ധീകരിക്കുന്ന വെള്ളത്തിനായി ആരും മുന്നോട്ടുവന്നില്ലെന്നതാണ് യാഥാർത്ഥ്യം.
മലിനജലത്തിൽ നിന്ന് വേർതിരിച്ച് രൂപപ്പെടുത്തുന്ന വളം പച്ചക്കറി കൃഷിക്കടക്കം ഉപയോഗിക്കാം. തുടക്കത്തിൽ ഇത് ആവശ്യപ്പെട്ട് കുറച്ചുപേർ എത്തിയെങ്കിലും പിന്നീട് ആരും എത്തിയില്ല. ആവശ്യക്കാരാരും വരാത്തതിനാൽ വളം പ്ലാന്റ് വളപ്പിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.