തിരുവനന്തപുരം : കാലവർഷം ആരംഭിച്ചതോടെ വയലിക്കട മേഖലയിൽ വെള്ളക്കെട്ട് സ്ഥിരമായി. അഞ്ചുകോടി മുടക്കി വെള്ളക്കെട്ട് മാറ്റാൻ പദ്ധതികൾ നടപ്പാക്കിയ പ്രദേശത്താണ് വെള്ളക്കെട്ട്. ഇതുകാരണം പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്. റോഡിലും വീടിനു ചുറ്റുമായി വെള്ളം കെട്ടിക്കിടക്കുന്നത് കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
പേരൂർക്കട പ്രദേശത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് വയലിക്കട മേഖലയിൽ എത്തുന്നത്. കുത്തിയൊലിച്ചെത്തുന്ന വെള്ളം ഒഴുക്കിവിടാൻ സംവിധാനം ഇല്ലാത്തതാണ് കെട്ടിക്കിടക്കാൻ കാരണം. ഇവിടെ എത്തുന്ന വെള്ളം ആമയിഴഞ്ചാൻ തോട്ടിലേക്കാണ് ഒഴുകിപ്പോകേണ്ടതെങ്കിലും ജല നിർഗമന സംവിധാനം അടഞ്ഞതോടെ ഈ മേഖലയിലാകെ കെട്ടിക്കിടക്കുകയാണ് .
താരതമ്യേന താഴ്ന്ന പ്രദേശമാണ് വയലിക്കട. ഇതിനാൽ ഇവിടെ നിന്നും വെള്ളം ഒഴുക്കിവിടാൻ സംവിധാനമൊരുക്കുമ്പോൾ അതിനനുസരിച്ചുള്ള സാദ്ധ്യതാ പഠനം നടത്തിയ ശേഷം വേണം പദ്ധതി നടപ്പാക്കാൻ. എന്നാൽ സാധാരണ മേഖലകളിലെ വെള്ളമൊഴുക്കിവിടാനുള്ള സംവിധാനം ഒരുക്കുന്ന ലാഘവത്തിൽ ഇവിടെ പദ്ധതി നടപ്പാക്കിയതാണ് വിനയായതെന്ന് പ്രദേശവാസി സാംബശിവൻ പറയുന്നു. അഞ്ചുകോടി മുടക്കിയുള്ള പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ ഇതുസംബന്ധിച്ച് ജനങ്ങൾ ആശങ്കപ്പെട്ടിരുന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല.
കോൺക്രീറ്റ് ഓടകളും സ്ലാബുകളും പണിതെങ്കിലും കുത്തിയൊഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും അധികൃതർ തയ്യാറായില്ല.