കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ കഥയുമായി ജയരാജ് എത്തുന്നു. രൗദ്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലായിൽ തിയേറ്ററുകളിലെത്തും . നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം. രൺജി പണിക്കരും കെ.പി.എ.സി ലീലയുമാണ് രൗദ്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കഴിഞ്ഞ പ്രളയ സമയത്തു ചെങ്ങന്നൂരിലെ പാണ്ടനാടിൽ ഒരു വീട്ടിൽ ഒറ്റപ്പെട്ടുപോയ വൃദ്ധ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ജയരാജ് സിറ്റി കൗമുദിയോട് പറഞ്ഞു. സിനിമയുടെ 90 ശതമാനവും ചിത്രീകരിച്ചത് കഴിഞ്ഞ പ്രളയ സമയത്തായിരുന്നു. ബാക്കി ഭാഗങ്ങൾ സിനിമയ്ക്കുവേണ്ടി പുനസൃഷ്ടിക്കുയായിരുന്നുവെന്നും ജയരാജ് പറഞ്ഞു.
പ്രകൃതി പിക്ചേഴ്സിന്റെ ബാനറിൽ ഡോ . സുരേഷ് കുമാർ മുട്ടത്താണ് രൗദ്രം നിർമ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ജയരാജ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പ്രളയ സമയത്തെ പ്രകൃതിയുടെ രൗദ്രഭാവമാണ് സിനിമയിലൂടെ ആവിഷ്ക്കരിക്കുന്നത് . ബിനു പപ്പുവും സബിതാ ജയരാജുമാണ് മറ്റ് താരങ്ങൾ. ജയരാജിന്റെ വരികൾക്ക് സച്ചിൻ ശങ്കർ മന്നത്താണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിഖിൽ എസ് . പ്രവീണും എഡിറ്റിംഗ് ജിനു ശോഭയും നിർവഹിച്ചിരിക്കുന്നു. ജയരാജിന്റെ കഴിഞ്ഞ ചിത്രമായ ഭയാനകത്തിലും രൺജി പണിക്കാരായിരുന്നു നായകൻ.ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു.പതിനൊന്ന് വർഷം മുൻപ് രൗദ്രം എന്ന പേരിൽ മമ്മൂട്ടിയെ നായകനാക്കി രൺജി പണിക്കർ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു.