സംഗ്രൂർ: 150 അടി ആഴമുള്ള കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 109 മണിക്കൂർ നീണ്ട് നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഫത്തേവീർ സിംഗിനെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തത്. പഞ്ചാബിലെ സംഗ്രൂരിലെ ഭഗ്വൻപൂർ ഗ്രാമത്തിലാണ് സംഭവം. കുഴൽക്കിണറിലകപ്പെട്ട കുട്ടിയെ ചൊവ്വാഴ്ച രാവിലെയോടെയാണ് പുറത്തെത്തിച്ചത്.
വീടിനടുത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഫത്തേവീർ സിംഗ് ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീണത്. തുണികൊണ്ട് മൂടിയ നിലയിലായിരുന്നു കിണർ. കുട്ടിയുടെ അമ്മ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കിണറിലകപ്പെട്ട കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നൽകാൻ കഴിഞ്ഞിരുന്നില്ല, ഓക്സിജൻ നൽകിയിരുന്നു..
അഞ്ച് ദിവസത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് രാവിലെ 5.30ഓടെ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സർക്കാർ ഹെലികോപ്റ്റർ ഉണ്ടായിട്ടും 140 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ റോഡുമാർഗമാണ് കുട്ടിയെ കൊണ്ടുപോയത്. ഇത് പ്രതിഷേധത്തിന് കാരണമായി. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണ് രണ്ടു വയസുകാരനെ പുറത്തെത്തിച്ചത്.