കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമ്മാണ ചുമതലയുണ്ടായിരുന്ന കിറ്റ്കോയ്ക്ക് വീഴ്ച പറ്റിയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. പാലാരിവട്ടം നിർമ്മാണത്തിലെ പാളിച്ചകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്താനായി അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വിജിലൻസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മേൽനോട്ട ചുമതലയുണ്ടായിരുന്ന കിറ്റ്കോ അത് വേണ്ടവിധം ചെയ്തില്ലെന്നും ഡിസൈനിലും നിർമ്മാണത്തിലും അപാകതയുണ്ടായെന്നും മന്ത്രി കുറ്റപ്പെടുത്തി.
കിറ്റ്കോയുടെ നേതൃത്വത്തിൽ നടന്ന എല്ലാ നിർമ്മാണങ്ങളെപ്പറ്റിയും അന്വേഷിക്കുമെന്നും ജി.സുധാകരൻ വ്യക്തമാക്കി. അതേസമയം മുൻ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി ഇതുവരെ പരാതി ലഭിച്ചില്ലെന്നും അങ്ങനെ ലഭിച്ചാൽ അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ പാതയിലെ പാലം നിർമ്മാണം ഏറ്റെടുക്കില്ലെന്നും ജി. സുധാകരൻ വ്യക്താക്കി.