modi-government

ന്യൂഡൽഹി: അഴിമതി ലൈംഗിക ആരോപണങ്ങൾ നേരിടുന്ന 12 കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ ഉത്തരവ് നൽകി കേന്ദ്ര ധനകാര്യ വകുപ്പ്. സർക്കുലർ വഴിയാണ് ഉദ്യോഗസ്ഥർക്ക് ഈ അറിയിപ്പ് ലഭിക്കുന്നത്. പണം തട്ടൽ, കൈക്കൂലി വാങ്ങിക്കൽ, ലൈംഗികാരോപണം എന്നിവയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഇതിൽ അഴിമതി ആരോപണം നേരിടുന്ന എട്ട് പേർ സി.ബി.ഐ ഉദ്യോഗസ്ഥരാണ്. ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ഇത്രയധികം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത്.

ഇക്കൂട്ടത്തിൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഉയർന്ന പദവികൾ അലങ്കരിക്കുന്നവരാണ്. ചീഫ് കമ്മീഷണർമാർ, അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ ഇക്കൂട്ടത്തിൽ പെടുന്നു. ഐ.ടി ജോയിന്റ് കമ്മീഷണറും മുൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറുമായ ആശോക് അഗർവാൾ, നോയിഡയിലെ അപ്പീൽ കമ്മീഷണർ എസ്.കെ ശ്രീവാസ്തവ, റവന്യൂ സർവീസ് ഉദ്യോഗസ്ഥൻ ഹോമി രാജ്‌വൻശ് എന്നിവർ ഇതിൽ പ്രമുഖരാണ്.

അനധികൃതമായി സ്വത്ത് സമ്പാദിച്ച ചന്ദ്രസ്വാമി എന്ന ആൾദൈവത്തെ സഹായിച്ചതിനാണ് അശോക് അഗർവാൾ കുറ്റാരോപിതനാകുന്നത്. ഇതിന്റെ പേരിൽ ഇയാൾ 15 വർഷത്തേക്ക് സസ്പെൻഷനിലായിരുന്നു. തന്റെ കീഴിലുള്ള രണ്ട് വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് ശ്രീവാസ്തവയ്ക്കെതിരെ കുറ്റം ആരോപിക്കപ്പെടുന്നത്. ഇവരെ ഇയാൾ കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചിരുന്നു. ഹോമി രാജ്വൻശ് ആകട്ടെ അഴിമതിയിലൂടെ 3.14 കോടി രൂപയാണ് സമ്പാദിച്ചത്.