തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.ഒ.ടി. നസീറിനെതിരെ നടന്ന ആക്രണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി കഴിഞ്ഞു. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി എന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്ന് സി.ഒ.ടി നസീർ പ്രതികരിച്ചു. കോടതിയെ സമീപിച്ച് പ്രത്യേക അന്വേഷണത്തിനുള്ള ഹർജി നൽകുമെന്നും നസീർ പറഞ്ഞു.
മേയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി.ഒ.ടി നസീർ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്‌ക്കും വയറിനുമാണ് വെട്ടേറ്റത്. തനിക്കു നേരെ നടന്ന ആക്രമത്തിന് പിന്നിൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറാണെന്ന് നസീർ മൊഴി നൽകിയിരുന്നു. എന്നാൽ നസീറിന്റെ ഈ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് അടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ശ്രദ്ധയിൽപ്പെടുത്തി. പൊതു പ്രവർത്തകനെ ക്രൂരമായി മർദ്ദിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ചു.