interpol

തിരുവനന്തപുരം: കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ തടയാൻ ഒന്നിക്കാനൊരുങ്ങി അന്താരാഷ്ട്ര പൊലീസ് സേനയായ ഇന്റർപോളും കേരള പോലീസും. ഇതിന്റെ ഭാഗമായി ഓൺലൈൻ വഴിയുള്ള ലൈംഗിക ചൂഷണം തടയുന്നതിന് വേണ്ടിയുള്ള ടാസ്ക് ഫോഴ്സിന് കേരളം പൊലീസ് രൂപം നൽകിയിട്ടുണ്ട്. ഈ ടാസ്‌ക് ഫോഴ്സിന് ഇന്റർപോൾ ഉദ്യോഗസ്ഥർ ആവശ്യമായ പരിശീലനം നൽകും.

ഓൺലൈൻ വഴിയുള്ള 80 ലക്ഷത്തോളം വരുന്ന ബാല ലൈംഗിക ചൂഷണത്തെ കുറിച്ചുള്ള വിവരങ്ങൾ ഇന്റർപ്പോൾ കേരളാ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇന്റർപോൾ ഉദ്യോഗസ്ഥൻ ഗിലർമോ ഗലാൻസയാണ് ഈ വിവരം അറിയിച്ചത്. കാണാതായ, ചൂഷണം ചെയ്യപ്പെട്ട കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന അമേരിക്കയിലെ അന്താരാഷ്ട്ര കേന്ദ്രം വഴിയാണ് ഈ വിവരങ്ങൾ കൈമാറിയത്.

'ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു പൊലീസ് സേന ബാല ലൈംഗിക ചൂഷണത്തെ പ്രതിരോധിക്കാനായി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നത്. ചൂഷണത്തെ കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളും വിവരങ്ങളും ഞങ്ങൾ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങൾ അനുസരിച്ച് നിരവധി കുട്ടികളെ ആണ് രക്ഷിച്ചെടുക്കാനാകുക.' ഇന്റർപോളിലെ സീനിയർ ഡിറ്റക്ടീവ് ജോൺ റൗസ് തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ മാസം കുട്ടികളെ ഉപയോഗിച്ച് നീലച്ചിത്രം നിർമ്മിക്കുന്ന ഒരു റാക്കറ്റിനെ കേരള പൊലീസ് പിടികൂടിയിരുന്നു. 'പി ഹണ്ട്' എന്ന് പേരിട്ടിരുന്ന ഈ ഓപ്പറേഷൻ വഴി 28 പേരാണ് അന്ന് അറസ്റ്റിലായത്.