cm

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥും തമ്മിൽ എന്താണ് വ്യത്യാസമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാൽ ജീവനക്കാരെ അപ്പോൾ പുറത്താക്കും. 149 സർക്കാർ ജീവനക്കാരെയാണ് മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ ഇപ്പോൾ പുറത്താക്കിയത്. എന്നാൽ പ്രതിപക്ഷത്തിൽ ഇരിക്കുന്ന ആർക്കെങ്കിലും സമാനമായ അവസ്ഥ ഉണ്ടായാൽ നടപടിയില്ല. പിന്നെ ലഖ്നൗവിൽ പത്രക്കാരെ ജയിലിലിട്ട യോഗിയും പിണറായി വിജയനും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ ചോദിച്ചു. സംസ്ഥാനത്ത് നടക്കുന്ന ഭരണം ഏകാധിപത്യവും ഫാസിസവുമാണ്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമർത്തുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ നയത്തിനെതിരെ യു.ഡി.എഫ് ശക്തമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കേസ് അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം നടത്തുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തെ മൂന്നു തവണ മാറ്റി. പ്രതികളെ എങ്ങനെയൊക്കെ രക്ഷിക്കാമെന്ന് ആലോചിച്ച ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ടി.പി ചന്ദ്രശേഖരന്റെയും ശുഹൈബിന്റെയും അടക്കം മിക്ക കൊലപാതകങ്ങളും നടത്തിയത് ഒരേ രീതിയിലാണെന്നും ഈ അക്രമി സംഘങ്ങളെ രക്ഷിക്കാനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിരപരാധികളായ ഒരു കൂട്ടം ആളുകളെ കൊല്ലുന്ന, അതിന് കൂട്ടുനിൽക്കുന്ന ഒരു ഭരണകൂടത്തിന്റെ കൈയിൽ നിന്നും എങ്ങനെ നീതി കിട്ടും. അതാണ് സി.ഒ.ടി നസീറിന്റെ കാര്യത്തിലും സംഭവിച്ചത്. അയാൾ കാറിന്റെ അടിയിലേക്ക് കയറിയില്ലെങ്കിൽ ടി.പി ചന്ദ്രശേഖരന്റെ അനുഭവം അദ്ദേഹത്തിനുണ്ടാവുമായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേരളത്തിലെ മാദ്ധ്യമങ്ങൾ പുറത്തുവിട്ടതാണ്. ഇതുപോലെയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പങ്കെടുക്കുന്ന പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് പ്രതിഷേധമർഹിക്കുന്നതാണ്​​​- ചെന്നിത്തല പറഞ്ഞു.