fuljar-soda

കേരളക്കരയൊന്നാകെ വീശിയടിച്ച ഫുൾജാർ സോഡ തരംഗം ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്ന് ചർച്ച ചെയ്യുകയാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധരിപ്പോൾ. ഫുൾജാർ സോഡയെ വൻ ഹിറ്റാക്കിമാറ്റിയ സോഷ്യൽ മീഡിയയും, മാദ്ധ്യമങ്ങളുമെല്ലാം ഇപ്പോൾ ചർച്ച ഈ വഴിക്കാക്കിയിട്ടുമുണ്ട്. ഇതു കൂടാതെ ഫുൾജാർ സോഡ ശുദ്ധമായ രീതിയിലാണോ നൽകുന്നത് എന്നറിയാനായി തട്ടുകടകളിലടക്കം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയിട്ടുമുണ്ട്. വീട്ടിലുണ്ടാക്കിയ ഫുൾജാർ സോഡ കഴിച്ച രുചിച്ച ശേഷം അത് ശരീരത്തിനുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയിരിക്കുകയാണ് പ്രശസ്ത ഡോക്ടർ സുൽഫി നൂഹു. വായിക്കാം ഡോക്ടറുടെ കുറിപ്പ്

ഫുൾജാർ വേണ്ട, ഒരു തുള്ളി പോലും.!
============================

ഇന്നലെ വൈകി വീട്ടിൽ എത്തുമ്പോൾ മൂത്ത മകന് ഒരു ഊറിയ ചിരി, എന്തോ ഇമ്മിണി വലിയ കാര്യം ചെയ്ത പോലെ. ഭാര്യക്കും വ്യത്യസ്ത ഭാവം. ഞങ്ങൾ ഇന്ന് ഫുൾജാർ സോഡ കുടിച്ചെന്ന് മകന്റെ പ്രഖ്യാപനം. അത് കേട്ട് ഞാൻ ഞെട്ടി.
'ഇതൊന്നും പോയി കുടിക്കരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ.'
മകന്റെ ഉത്തരം പെട്ടെന്ന്
,'അമ്മ ഉണ്ടാക്കിയതാണ്'. എനിക്ക് കൗതുകം തോന്നി.

ഞാൻ ഒരു ചെറിയ ചിരിയോടെ നോക്കി. വിശന്ന് കുടൽമാല കത്തുന്നുണ്ടായിരുന്നുവെങ്കിലും, മൂന്ന് പേരും ഒരു ചിരിയോടെ എന്നെ ഒരു ഫുൾജാർ സോഡ കുടിപ്പിക്കാനെത്തി. ഫുൾജാർസോഡ കുടിക്കാൻ പ്രത്യേക സ്ഥലം പോലും അവർ ഒരുക്കിയിരുന്നു. എന്നെ വലിച്ച് അവർ അവിടെ എത്തിച്ചു. വലിയ കോഫി മഗ്ഗിലേക്ക് സോഡയും പിന്നെ ഒരു ചെറിയ കപ്പിൽ ബ്ലും എന്ന ശബ്ദത്തോടെ മറ്റ് എന്തോ ചില വസ്തുക്കളും. പതഞ്ഞ് പൊന്തുന്ന സോഡ ഞാൻ അൽപം അകത്താക്കി.

ശരീരം മുഴുവൻ എരിഞ്ഞു കേറുന്ന പ്രതീതി.

നിർത്താതെ ചുമയും.
അഞ്ച് മിനിട്ടു കൊണ്ട് എന്റെ വിശപ്പെല്ലാം പമ്പകടന്നു. നിർത്താത്ത ചുമ ബാക്കിയായി.

സോഡ കാർബണേറ്റഡ് ഡ്രിങ്ക് വിഭാഗത്തിൽപ്പെടുമല്ലോ. ഇത് ദന്തക്ഷയവും, ഗ്യാസ് സ്‌ട്രൈട്ടിസും, വൈറ്റമിൻ കുറവുകളും ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ. അതിനോടൊപ്പം ഉപ്പും മറ്റെന്തോ ചേരുവകളും വെച്ച് ചേർത്ത് ഉണ്ടാക്കുന്ന അത്ഭുത പാനീയം ശരീരത്തിന്റെ ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യില്ല.

മധുരം ചേർത്ത സോഡകൾ ശരീരത്തിന് വളരെ ദോഷം ചെയ്യുമെന്നുള്ളത് ശാസ്ത്രം. ലോകാരോഗ്യ സംഘടന നിരവധി പഠനങ്ങളിലൂടെ മധുരം കലർന്ന പാനീയങ്ങൾ എല്ലാം തന്നെയും കൊക്ക കോള, പെപ്സി മറ്റ് ഫ്രൂട്ട് ജ്യൂസുകൾ എല്ലാത്തിന്റെയും ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെടുന്നു. ഇത്തരം മധുരം കലർന്ന പാനീയങ്ങൾ എല്ലാം തന്നെ വളരെ ഉയർന്ന നികുതി ചുമത്തണമെന്നും ലോകാരോഗ്യ സംഘടന നിരന്തരം ആവശ്യപ്പെടുന്നു.

ഒരു തരത്തിൽ പറഞ്ഞാൽ കേരളീയർക്കിന്ന് ആഹാരം മുഖ്യശസ്ത്രുവെങ്കിൽ ,

പഞ്ചസാര അല്ലെങ്കിൽ മധുരം അതിൽ ഏറ്റവും പ്രധാനിയാണ്.

ശരീരത്തിന് ഒരു അൽപം പോലും ആവശ്യമില്ലാത്ത ആഹാരമാണ് മധുരം. . മധുരം മൊത്തം എനർജി അളവിന്റെ 5 ശതമാനത്തിൽ താഴെ നിർത്തേണ്ടത് ആണ്. മധുരം കലർത്തി കുറുക്കിയ പാനീയങ്ങളാണ് ഈ ബോട്ടിൽ ഡ്രിങ്കുകൾ എല്ലാം. അത് ശരീരത്തിന് ഒരു ഗുണവും ചെയ്യില്ല . അമിത വണ്ണം ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇത് തന്നെ. ഡൈബറ്റീസും, മറ്റ് ജീവിത ശൈലി രോഗങ്ങളും ഉടനെ ക്ഷണിച്ച് വരുത്തുവാനും ഇത്തരം ഡ്രിങ്കുകൾ സഹായിക്കും.

പിന്നെ ഫുൾജാർ സോഡ

ഫുൾജാർ സോഡയിൽ മധുരം ഉൾപ്പെടുത്തുകയാണെങ്കിൽ ഇതേ ദൂഷ്യഫലം ഉണ്ടാക്കും. പക്ഷേ, മധുരം ഇല്ലെങ്കിൽ കൂടിയും ട്രെന്റുകളുടെ പിറകെ പോയി സോഡ കുടിക്കുന്നത് ഒട്ടുമേ അഭികാമ്യവുമല്ല.
കേരളത്തിലെ പലമാർജിൻ ഫ്രീ, ബിഗ് ബസാർ തുടങ്ങി ചെറു കടകളിൽ പോലും സോഡക്ക് ക്ഷാമം നേരിട്ടു തുടങ്ങിയത്രെ.

എല്ലാപേരും വീട്ടിലും , ഹോസ്റ്റലിലുമൊക്കെ ഫുൾജാർ സോഡ ഉണ്ടാക്കി കളിക്കുകയാണത്രെ.

വീട്ടിൽ ഞാൻ ഫുൾജാർ സോഡക്കെതിരെ അടിയന്താവസ്ഥ പ്രഖ്യാപിച്ചു. നാട്ടിലും വേണം അടിയന്തരാവസ്ഥ.

ബീഫ് പോലെ ആഹാര സ്വാതന്ത്ര്യം തന്നെ ഇതും.

എന്നാലും

ഒരു ജാർ പോട്ടെ ,ഒരു തുള്ളി പോലും കുടിക്കരുത്.
ഡോ സുൽഫി നൂഹു