bjp-

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി പ്രവ‌ർത്തകന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ബംഗാളിലെ ഹൗറയ്ക്ക് സമീപമുള്ള അമ്ത ഗ്രാമത്തിലെ പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ബി.ജെ.പി പ്രവ‌ർത്തകനായ സമതുൾ ദോലിയുടെ മൃതദേഹമാണ് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയതെന്ന് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ആരോപിച്ച് കുടുംബവും ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തി .

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തന്റെ ബൂത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സമതുളായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സമതുളിന്റെ വീട് ഒരു കൂട്ടം ആളുകൾ തല്ലിത്തകർത്തതായി ബി.ജെ.പി നേതാവ് അനുപം മല്ലിക് പറഞ്ഞു. കൂടാതെ പ്രദേശത്ത് നടന്ന ജയ്ശ്രീറാം റാലിയിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ സമതുളിന് വധഭീഷണി വന്നിരുന്നു.

എന്നാൽ തൃണമൂൽ കോൺഗ്രസ് ആരോപണങ്ങൾ നിഷേധിച്ചു. കൊലപാതകത്തിൽ തങ്ങളുടെ ഒരു പ്രവർത്തകന് പോലും പങ്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.എൽ.എ പുലക് റോയി പറഞ്ഞു. പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുകയാണ്. കഴി‌ഞ്ഞ ഞായറാഴ്ച ആ‌ർ.എസ്.എസ് നേതാവായ സ്വദേശ് മന്നയുടെ മൃതദേഹവും ഇത്തരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.