ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വിറ്ററിൽ പോസ്റ്റിട്ട മാദ്ധ്യമപ്രവർത്തൻ പ്രശാന്ത് കനോജിയയെ ജയിലിലടച്ച യു.പി പൊലീസിന്റെ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. പ്രശാന്ത് കനോജിയയ്ക്ക് ഉടൻ ജാമ്യം നൽകണമെന്നും അദ്ദേഹം ചെയ്ത കുറ്റം കൊലപാതകമൊന്നുമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതോടൊപ്പം സ്വാതന്ത്ര്യം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും അത് മാറ്റം വരുത്താനാകാത്തതുമാണെന്നും കോടതി അറിയിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ച് അപകീർത്തികരമായ രീതിയിൽ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റിടുകയും ടി.വി ചാനലിൽ വാർത്ത നൽകുകയും ചെയ്‌തെന്ന പേരിൽ മൂന്നു മാദ്ധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്വിറ്ററിൽ യോഗിയെ കളിയാക്കുന്ന പോസ്റ്റിട്ടതിനാണ് ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകനായ പ്രശാന്ത് കനോജിയയെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് പോറലേല്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
സംഭവത്തെ തുടർന്ന് പ്രശാന്ത് കനോജിയുടെ ഭാര്യ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ നടപടി. യോഗിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്നാരോപിച്ച്, ശനിയാഴ്ച വൈകിട്ടാണ് സ്വകാര്യ ചാനലായ നേഷൻ ലൈവിന്റെ മേധാവിയെയും എഡിറ്ററെയും നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മാദ്ധ്യമപ്രവർത്തകരുടെ അറസ്റ്റിൽ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് വച്ച് യോഗി ആദിത്യനാഥിനോട് താൻ വിവാഹ അഭ്യർത്ഥന നടത്തിയെന്ന് ഒരു സ്ത്രീ അവകാശപ്പെടുന്ന വീഡിയോയാണ് കനോജിയ ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയർ ചെയ്തത്. ഇത് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും അവാസ്തവവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ഒരു വർഷമായി മുഖ്യമന്ത്രിയുമായി വീഡിയോ കോൾ നടത്തുന്നുണ്ടെന്നായിരുന്നു നിരവധി മാദ്ധ്യമങ്ങൾക്കു മുന്നിൽ വച്ച് സ്ത്രീയുടെ വെളിപ്പെടുത്തൽ.
അതേസമയം, നേഷൻ ലൈവ് ചാനലിൽ കഴിഞ്ഞ ആറിന് നടന്ന ഒരു ചർച്ചയ്ക്കിടെ, ഈ സ്ത്രീയുടെ വെളിപ്പെടുത്തൽ വ്യക്തത വരുത്താതെ നൽകി എന്നാരോപിച്ചാണ് ചാനൽ മേധാവി ഇഷിക സിംഗ്, എഡിറ്റർ അനുജ് ശുക്ല എന്നിവരെ അറസ്റ്റ് ചെയ്തത്.