online-begging

അബുദാബി: ഓൺലൈൻ ഭിക്ഷാടനത്തിലൂടെ മാത്രം യുവതി സമ്പാദിച്ചത് 34,77,600 രൂപ. സംഭവം ദുബായിലാണ്. തന്നെ ഭർത്താവ് ഉപേക്ഷിച്ചുവെന്നും ജീവിതം മുന്നോട്ട് നയിക്കാൻ യാതൊരു മാർഗ്ഗവുമില്ലെന്നും സോഷ്യൽ മീഡിയിലൂടെ പ്രചാരണം നടത്തിയാണ് യുവതി സംഭാവന അഭ്യർത്ഥിച്ചത്. ഇത് കണ്ട് എത്തിയ നിരവധി പേരാണ് യുവതിക്ക് ഇത്രയും പണം സംഭാവന നൽകിയത്. ദുബായിലെത്തിയ ഒരു വിദേശ യുവതിയാണ് ഇത്തരത്തിൽ ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വെറും 17 ദിവസം കൊണ്ട് ഇത്രയും പണം തട്ടിയെടുത്തത്.

ഫേസ്ബുക്കിലും, ഇൻസ്‌റ്റഗ്രാമിലും, ട്വിറ്ററിലും നിരവധി അക്കൗണ്ടുകൾ ഉണ്ടാക്കി ഇവയിലൂടെയായിരുന്നു യുവതിയുടെ യാചന. തന്റെ കുട്ടികളെ വളർത്താൻ യാതൊരു മാർഗവും മുന്നിലില്ലെന്നും യുവതി പറഞ്ഞിരുന്നു. യുവതിയുടെ അറബ് വംശജനായ ഭർത്താവ് തന്നെയാണ് തന്റെ ഭാര്യയുടെ തട്ടിപ്പിനെക്കുറിച്ച് ദുബായ് പൊലീസിൽ പരാതി നൽകിയത്. തന്റെ കുട്ടികളെ പോലും ഉപയോഗിച്ച് യുവതി സഹായം അഭ്യർത്ഥിക്കുമ്പോഴും ഭർത്താവ് ഇവരോടൊപ്പം തന്നെ കഴിയുകയായിരുന്നു.

യാചന ദുബായിൽ ആറ് മാസം വരെ ഒരു ലക്ഷം ദിർഹം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇവരെ കൂടാതെ 128 പേർ വിശുദ്ധ മാസമായ റമാദാനിൽ ഭിക്ഷാടനം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 85 പേർ പുരുഷന്മാരും 43 പേർ സ്ത്രീകളുമാണ്. ഇവരിൽ നിന്നും 38,000 ദിർഹവും പൊലീസ് പിടിച്ചെടുത്തിരുന്നു.

സഹതാപം നേടാൻ കുട്ടികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ യുവതി പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട ഭർത്താവിന്റെ ബന്ധുക്കളാണ് ഇയാളെ വിവരം അറിയിച്ചത്. ഇത് ഇവർക്ക് ഏറെ നാണക്കേട് സൃഷ്ടിക്കുകയും കുട്ടികൾക്ക് അപകീർത്തി വരുത്തിവയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്.