cot-nazeer

കണ്ണൂർ: തനിക്കെതിരെ നടന്ന അക്രമത്തെ ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ഏതർത്ഥത്തിലാണെന്ന് അറിയില്ലെന്ന് സി.ഒ.ടി നസീർ. ഇത് ഒറ്റപ്പെട്ട സംവമല്ല. മൂന്ന് തവണ പൊലീസ് മൊഴി എടുത്തപ്പോഴും കൃത്യമായ കാരണങ്ങൾ താൻ പറഞ്ഞിരുന്നുവെന്നും, എ.എൻ ഷംസീർ എം.എൽ.എയുടെ ഓഫീസിൽ വച്ചാണ് തനിക്ക് ഭീഷണിയുണ്ടായതെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നതാണെന്നും നസീർ പറഞ്ഞു.

അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചിലകാര്യങ്ങളിൽ നിന്ന് മനസിലായിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കുകയാണ്. അല്ലാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും നസീർ വ്യക്തമാക്കി. എന്തായാലും ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്‌തനല്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ നിയമസഭയിലാണ് സി.ഒ.ടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.


മേയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി.ഒ.ടി നസീർ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. തനിക്കു നേരെ നടന്ന ആക്രമത്തിന് പിന്നിൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറാണെന്ന് നസീർ മൊഴി നൽകിയിരുന്നു.