anas-edathodika

മുംബയ്: രാജ്യാന്തര ഫുട്ബോളിൽ നിന്നും ആറ് മാസം മുമ്പ് വിരമിച്ച മലയാളി താരം അനസ് എടത്തൊടികയെ ഇന്ത്യൻ ടീമിലേക്ക് വീണ്ടും തിരിച്ചുവിളിച്ചു. ഇന്റർകോണ്ടിനന്റൽ കപ്പിനായുള്ള പരിശീലനത്തിനായി ജൂൺ 25ന് മുംബയിൽ ആരംഭിക്കുന്ന ദേശീയ ടീമിന്റെ ക്യാമ്പിലേക്കാണ് അനസിനെ തിരിച്ചുവിളിച്ചത്. 2019ലെ ഏഷ്യൻ കപ്പിലെ തിരിച്ചടിക്ക് ശേഷമാണ് അനസ് രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചത്.

ടീം കോച്ച് ഇഗർ സ്റ്റിമാർക്കിന് തന്നിൽ വിശ്വാസമുണ്ട്. ഈ വിശ്വാസം തിരിച്ചു നൽകാനാവുമെന്നും ടീമിൽ വീണ്ടും ജോയിൻ ചെയ്യാൻ കോച്ചാണ് തന്നെ അറിയിച്ചതെന്നും അനസ് പറഞ്ഞു. ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോൾ ലഭിച്ച അംഗീകാരമാണ് വീണ്ടും ഇങ്ങനെ ഒരു അവസരം നേടിത്തന്നത്. ഈ സമയത്ത് ക്യാമ്പിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊണ്ടോട്ടി മുണ്ടമ്പലം എടത്തൊടിക പുതിയേടത്തുവീട്ടിൽ മുഹമ്മദ് കുട്ടിയുടേയും ഖദീജയുടേയും മകനായ അനസ് കൊണ്ടോട്ടി ഇ.എം.ഇ.എ സ്‌കൂൾ, കോളേജ്, മഞ്ചേരി എൻ.എസ്.എസ് കോളേജ് ടീമുകളിലൂടെയാണ് കളിച്ചുവളർന്നത്. 2007ൽ മുംബയ് എഫ്.സിയിൽ കളിച്ചു. 2011ൽ പൂനെ എഫ്.സി താരമായി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെയാണ് അനസ് വീണ്ടും താരമായത്. ഐ.എസ്.എൽ നാലാം സീസണിൽ ഇന്ത്യൻ പ്ലെയർ ഡ്രാഫ്റ്റിലെ ഏറ്റവും വിലയേറിയ താരം അനസായിരുന്നു. 1.10 കോടി രൂപക്കാണ് അനസിനെ ജംഷഡ്പൂർ എഫ്.സി സ്വന്തമാക്കിയത്. ഡൽഹി ഡൈനാമോസിന് വേണ്ടിയും കളിച്ചിട്ടുള്ള അനസ് നിലവിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണ്.