തിരുവനന്തപുരം: സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് കടലാക്രമണം നേരിടുന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കടലാക്രമണം രൂക്ഷമായിടങ്ങളിൽ അടിയന്തര പ്രതിരോധ സംവിധാനമൊരുക്കും. കടലാക്രമണം ശാസ്ത്രീയമായി പ്രതിരോധിക്കാൻ ഐ.ഐ.ടി ഡിസൈൻ പ്രകാരമുള്ള കടൽഭിത്തി നിർമ്മിക്കും. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള ധനസഹായമുപയോഗിച്ച് മണൽചാക്ക് അടുക്കി താത്കാലിക പ്രതിരോധം സജ്ജമാക്കും.
കടലാക്രമണം രൂക്ഷമായിടങ്ങളിൽ 24മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കി. 20റെസ്‌ക്യൂ ബോട്ടുകളും 80 സീ റെസ്‌ക്യൂ ഗാർഡുമാരെയും അധികമായി നിയോഗിച്ചു. കടലിൽ 1500കിലോമീറ്റർ വരെ മത്സ്യത്തൊഴിലാളികൾക്ക് സന്ദേശം നൽകാൻ ഐ.എസ്.ആർ.ഒയുടെ നാവിക് ഉപകരണം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കെല്ലാം ലൈഫ്ജാക്കറ്റ് നൽകി. സാറ്റലെറ്റ് ഫോണും സാഗര മൊബൈൽ ആപ്ലിക്കേഷനും ജി.പി.എസ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. തീരമേഖലയിൽ 50മീറ്ററിനകത്തുള്ള താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കരിങ്കൽഭിത്തി നിർമ്മാണത്തിന് പാറ ലഭിക്കാത്തത് പ്രശ്‌നമായതിനാൽ ഹ്രസ്വകാല അടിസ്ഥാനത്തിൽ മണൽ നിറച്ച ജിയോട്യൂബുകൾ സ്ഥാപിക്കുകയാണ്. ആലപ്പുഴയിലും അമ്പലപ്പുഴയിലും കിഫ്ബി ഫണ്ടുപയോഗിച്ച് പുലിമുട്ട് നിർമ്മിക്കാൻ കമ്പനി രൂപീകരിച്ചു. ചെറിയതുറയിലെയും വലിയതുറയിലെയും കടൽഭിത്തി പുതുക്കിപ്പണിയും. വർക്കലയിലും വലിയതുറയിലും മണൽചാക്കുകൾ അടുക്കി താത്കാലിക ബണ്ടുണ്ടാക്കും. വൈപ്പിനിൽ നാല് പുലിമുട്ടും ചെല്ലാനത്ത് ജിയോട്യൂബും സ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. കടൽഭിത്തി നിർമ്മാണത്തിന് കഴിഞ്ഞവർഷം 12.19കോടിയുടെയും ഇക്കൊല്ലം ഇതുവരെ 159.50ലക്ഷത്തിന്റെയും പദ്ധതികൾ നടപ്പാക്കി. വലിയതുറയിൽ 73ലക്ഷം ചെലവിട്ട് 100മീറ്റർ കടൽഭിത്തി പണിയും. ശംഖുംമുഖം റോഡ് 5കോടി ചെലവിട്ട് പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
കടൽഭിത്തി നിർമ്മാണത്തിന് പാറ ലഭ്യമാക്കാൻ മുഖ്യമന്ത്രി ക്വാറിയുടമകളുടെ യോഗം വിളിക്കണമെന്ന് വി.എസ്.ശിവകുമാർ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു. കടൽഭിത്തി നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് പണം അനുവദിക്കണം. 27വരെ കടലിൽ പോവരുതെന്ന് മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായവും സൗജന്യറേഷനും നൽകണം. വീടുതകർന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സ്ഥിരം സംവിധാനമൊരുക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.