കൊച്ചി: സിറോ മലബാർ സഭ മേലദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൽ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ രണ്ട് വൈദികർക്ക് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഫാദർ ആന്റണി കല്ലൂക്കാരൻ, ഫാദർ പോൾ തേലക്കാടൻ എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. കേസിൽ ഫാദർ പോൾ തേലക്കാട്ട് ഒന്നാം പ്രതിയും ഫാദർ ആന്റണി കല്ലൂക്കാരൻ നാലാം പ്രതിയുമാണ്.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായാൽ മതിയെന്നും ഇരുവരെയും കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യമില്ലെന്നുമാണ് എറണാകുളം സെഷൻസ് കോടതിയുടെ ഉത്തരവ്. അതോടൊപ്പം ഇവർ വഞ്ചിക്കാനായി വ്യാജ രേഖ ഉണ്ടാക്കിയതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഐ.പി.സി 468ാം വകുപ്പ് പ്രകാരമുള്ള തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഈ കേസിലെ ഒന്നാം പ്രതിയായ ഫാ.പോൾ തേലക്കാട്ടും നാലാം പ്രതിയായ ഫാ. ആന്റണി കല്ലൂക്കാരനും കൂടി മൂന്നാം പ്രതിയായ ആദിത്യനെക്കൊണ്ട് വ്യാജ രേഖ ഉണ്ടാക്കിച്ചു എന്നാണ് കേസ്.