തള്ളവിരലിൽ ഏറ്റ പരിക്കിനെ തുടർന്ന് ശിഖർ ധവാൻ ലോകകപ്പിൽ നിന്നും വിട്ടുനിൽക്കും. ആസ്ട്രേലിയയുമായുള്ള മത്സരത്തിൽ തള്ളവിരലിൽ പരിക്കേറ്റതിനെ തുടർന്നാണ് ധവാൻ മൂന്നാഴ്ചത്തേക്ക് ലോകകപ്പിൽ നിന്നും വിട്ടുനിൽക്കുക. ധവാന്റെ ഇടത് തള്ളവിരലിലാണ് മത്സരത്തിനിടെ പന്ത് കൊണ്ട് പരിക്കേറ്റത്. എന്നാൽ പരിക്ക് വകവയ്ക്കാതെ 117 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ ശിഖർ ധവാന് കഴിഞ്ഞു.
ധവാന്റെ തള്ളവിരൽ സ്കാൻ ചെയ്തപ്പോൾ ഒടിവ് കണ്ടെത്തിയിട്ടുണ്ട്. പരിക്കിനെ തുടർന്ന് വരുന്ന ന്യൂസിലൻഡ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളിൽ ധവാന് കളിക്കാൻ കഴിയില്ല. ഈ മത്സരങ്ങളെല്ലാം നടക്കുക ജൂണിലാണ്. ആറ് സെഞ്ചുറികൾ നേടിയിയിട്ടുള്ള ശിഖർ ധവാൻ ഇന്ത്യൻ ടീമിലെ പ്രധാന പോരാളികളിൽ ഒരാളാണ്. അതുകൊണ്ടുതന്നെ ഈ നഷ്ടം നികത്താൻ ഇന്ത്യ പരിശ്രമിക്കേണ്ടി വരും.
ശ്രേയസ് അയ്യരോ, ഋഷഭ് പന്തോ ആയിരിക്കും ഇംഗ്ലണ്ടിനെതിരായുള്ള ഇന്ത്യയുടെ മത്സരത്തിൽ ധവാന് പകരം കളിക്കളത്തിൽ ഇറങ്ങുക. ഈ സാഹചര്യത്തിൽ കെ.എൽ രാഹുൽ രോഹിത്ത് ശർമയോടും ദിനേശ് കാർത്തിക്കിനും ഒപ്പമോ വിജയ് ശങ്കറിനൊപ്പമോ ആയിരിക്കും ഓപ്പൺ ചെയ്യുക. ആസ്ട്രേലിയയും ആയുള്ള മത്സരത്തിൽ ശിഖർ ധവാൻ ആയിരുന്നു മാൻ ഓഫ് ദ മാച്ച്.