driver-arjun-balabhaskar

നാഗമാണിക്യവും നിധിതട്ടിപ്പും എ.ടി.എം കവർച്ചയുമടക്കം ആരെയും ഞെട്ടിക്കുന്ന ക്രിമിനൽ പശ്‌ചാത്തലമാണ് ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയനിഴലിലുള്ള ഡ്രൈവർ അർജുന്റെത്. തൃശൂർ പാട്ടുരായ്ക്കൽ കുറിയേടത്തുമനയിൽ അർജുൻ കോളേജ് പഠനകാലത്ത് തന്നെ പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. എഞ്ചിനീയറിംഗ് വിദ്യാ‌ർത്ഥിയായിരിക്കെ എ.ടി.എം കവർച്ചാ കേസിൽ ഇയാൾ പൊലീസ് പിടിയിലകപ്പെട്ടിട്ടുമുണ്ട്. പിന്നീടും ഒട്ടേറെ കുറ്റകൃത്യങ്ങൾ.

മൂന്ന് വർഷം മുൻപ് പാലക്കാട്, തൃശൂർ ജില്ലകളിലെ രണ്ട് എ.ടി.എം കൗണ്ടറുകൾ തകർത്ത് പണം കവരാൻ ശ്രമിച്ചപ്പോഴും ഇയാൾ പിടിയിലായിരുന്നു. പിടിക്കപ്പെടാൻ ഏറെ സാധ്യത ഉണ്ടെന്നിരിക്കെ എന്തിന് എ.ടി.എം കവർച്ചയ്‌ക്ക് ശ്രമിച്ചു എന്ന് പൊലീസ് ചോദിച്ചപ്പോൾ 'ഒറ്റത്തവണ ശ്രമം വിജയിച്ചാൽ പിന്നെ ഈ പണി തുടരേണ്ടതില്ലല്ലോ..'എന്നായിരുന്നു അർജുന്റെ മറുപടി.

ഒട്ടേറെ സംഗീത വിഡിയോ ആൽബങ്ങളിൽ നായകനായി അഭിനയിച്ച ആറ്റൂർ സ്വദേശി ഫസിലിനൊപ്പം പാഞ്ഞാളിലും ലക്കിടിയിലുമാണ് അർജുൻ എ.ടി.എം കൊള്ളയ്ക്കു ശ്രമിച്ചത്. 2016 ജനുവരി 11ന് ലക്കിടിയിൽ ആയിരുന്നു ആദ്യ കവർച്ചാ ശ്രമം. ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പാഞ്ഞാളിലെ എസ്.ബി.ഐ എ.ടി.എം തകർക്കാൻ ശ്രമിച്ച സംഘത്തിലും അർജുൻ ഉണ്ടായിരുന്നു.

ഗൾഫിൽ നിന്ന് നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വർണം വിപണി വിലയേക്കാൾ കുറവിൽ വിൽക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ചതിൽ നിന്നാണ് അർജുൻ ഉൾപ്പെട്ട യുവാക്കളുടെ സംഘത്തിന്റെ വളർച്ചയുടെ തുടക്കം. തട്ടിപ്പിന് വിധേയരായ വ്യവസായികൾ പരാതി നൽകാൻ വിമുഖത കാട്ടിയതു കാരണം ഇവർ കേസുകളിൽപ്പെട്ടില്ല. ഒടുവിൽ സ്വർണം വാങ്ങാൻ താൽപര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച് സമീപിച്ചാണ് പൊലീസ് അർജുനെ കുടുക്കുന്നത്.

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ, ബാലഭാസ്‌റിന്റെ ഡ്രൈവറായി അർജുൻ എങ്ങനെ കടന്നുകൂടിയെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. അപകടസമയത്ത് വാഹനമോടിച്ചിരുന്ന അർജുൻ ഇപ്പോൾ ഒളിവിലാണ്. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിരുന്നു. പാലക്കാട്ടെ ഡോക്‌ടറുടെ ഭാര്യയുടെ സഹോദരിയുടെ മകനാണ് അർജുൻ. ഇയാളുടെ ക്രിമിനൽ പശ്‌ചാത്തലം ബാലഭാസ്‌കറിനും അറിയാമായിരുന്നുവെന്ന് സ്വർണക്കടത്തു കേസിലെ പ്രതിയും ബാലുവിന്റെ പ്രോഗ്രാം മാനേജറുമായിരുന്ന പ്രകാശൻ തമ്പി പൊലീസിന് മൊഴി നൽകിയിരുന്നു.