lini

തൃശൂര്‍ : കേരളത്തിന് അപരിചിതമായ നിപ്പ കോഴിക്കോട് ഭീതി പടര്‍ത്തിയപ്പോള്‍ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച നഴ്സ് ലിനിയെ മറക്കാന്‍ മലയാളികള്‍ക്ക് ഒരിക്കലുമാവില്ല. തൃശൂരും മറ്റൊരു ലിനി നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. റെയില്‍വേ ട്രാക്കിന് മുകളിലൂടെ വൈദ്യുത കമ്പികള്‍ വീഴ്ത്തി തെങ്ങ് കടപുഴകി വീണ വിവരം യഥാസമയം സ്റ്റേഷനിലെത്തി അറിയിച്ചാണ് ലിനി മാതൃകയായത്. വിവരം അറിഞ്ഞതോടെ അപകടാവസ്ഥയിലായ ട്രാക്കിലേക്ക് എത്തിക്കൊണ്ടിരുന്ന ബംഗളൂരു എറണാകുളം ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിടുകയായിരുന്നു. തെങ്ങ് കടപുഴകിയതിന് കേവലം 75 മീറ്റര്‍ അകലെ വച്ചാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.

കനത്ത മഴയിലും കാറ്റിലും തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല്മണിയോടെയാണ് തെങ്ങ് കടപുഴുകി വീഴുന്നത് ലിനി കണ്ടത്. ഈ സമയം എഞ്ചിനീയറിങ് വിഭാഗത്തിന്റെ മുറിയിലിരിക്കുകയായിരുന്നു ട്രാക്ക് വുമണ്‍ പാലക്കാട് നല്ലേപ്പിള്ളി പുത്തന്‍വീട്ടില്‍ ലിനി. ഉടന്‍ തന്നെ മഴയെ അവഗണിച്ച് ട്രാക്കിലൂടെ സ്റ്റേഷന്‍ ലക്ഷ്യമാക്കി ലിനി ഓടുകയായിരുന്നു. അഗ്നിശമനസേനയെത്തിയാണ് ട്രാക്കില്‍ നിന്നും തെങ്ങ് വെട്ടിമാറ്റിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയാണ് ഈ ട്രാക്കിലൂടെ സര്‍വീസ് പുനരാരംഭിച്ചത്.