കൊച്ചി : നമ്മുടെ കൊച്ചുകേരളത്തിലെ മെട്രോനഗരമായ കൊച്ചിയിൽ ഇന്നലെ ഒരു വസ്തു കച്ചവടം നടന്നു. ത്രികോണാകൃതിയിലുള്ള ഒരു തുണ്ട് ഭൂമിയുടെ കച്ചവടത്തിലെന്താ ഇത്ര വലിയ കാര്യം എന്ന് ചോദിക്കാൻ വരട്ടെ, പൊന്നും വിലയിൽ സെന്റിന് രണ്ട് കോടി രൂപയ്ക്കാണ് വസ്തു കച്ചവടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിൽ മെട്രോ വന്നതിന് ശേഷമാണ് ഭൂമിയുടെ വിലയ്ക്ക് തീ പിടിക്കുന്നത്. കൊച്ചിയിലെ എംജി റോഡിൽ വടക്കേ അറ്റത്തായി ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തോടു ചേർന്നുള്ള ഭൂമിയാണിത്.
കൊച്ചി മെട്രോയ്ക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ ബാക്കിയാണിത്. പൊന്നും വിലയ്ക്ക് ത്രികോണാകൃതിയിലുള്ള ഭൂമി ശീമാട്ടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 398 ചതുരശ്ര അടിയായിരുന്നു കൈമാററം ചെയ്ത വസ്തുവിനുണ്ടായിരുന്നത്. കേരളത്തിലിതുവരെ നടന്ന വസ്തു കച്ചവടത്തിൽ ഏറ്റവും ഉയർന്ന തുകയാണിത്, ഒരു പക്ഷേ രാജ്യത്ത് തന്നെ ഈ നിരക്കിൽ വസ്തു കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് റിയൽഎസ്‌റ്റേറ്റ് രംഗത്തുള്ളവർ പറയുന്നത്. ഏതായാലും പഴകി തേഞ്ഞതാണെങ്കിലും പറയാൻ ആ ഡയലോഗേയുള്ളു കൊച്ചി പഴയ കൊച്ചിയല്ല.