rain

ആലപ്പുഴ : മഴ കനത്തു. റോഡുകളെല്ലാം എപ്പോൾ വേണമെങ്കിലും തെന്നാവുന്ന തരത്തിൽ നനഞ്ഞുകിടക്കുകയാണ്. വാഹനയാത്രക്കിടയിൽ ചെറിയ അശ്രദ്ധ മതി വലിയൊരപകടത്തിലേക്ക് ചാടാൻ. ഓരോ മഴക്കാലത്തും റോഡുകളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വളരെ വലുതാണ്.

ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. വേഗതയേറിയ ഡ്രൈവിംഗാണ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നത്. മഴ ശക്തി പ്രാപിച്ചതോടെ ജില്ലയിൽ അപകടങ്ങളുടെ എണ്ണവും കൂടി. മഴ തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ അഞ്ചു പേരാണ് ജില്ലയിൽ വാഹനാപകടങ്ങളിൽ മരിച്ചത്.

വിൻഡ് ഷീൽഡിലെ ഈർപ്പം മൂലം റോഡ് വ്യക്തമായി കാണാനാകാത്തതും ബ്രേക്ക് ചവിട്ടിയാൽ വാഹനം നിൽക്കാതെ തെന്നിനീങ്ങുന്നതുമാണ് അപകടത്തിലേക്ക് ക്ഷണിക്കുന്നത്. പുനർനിർമ്മിച്ചിട്ടിരിക്കുന്ന റോഡുകളിൽ അമിതവേഗതയിൽ പോകാനുള്ള പ്രവണത ഡ്രൈവർമാർ കാട്ടാറുണ്ട്. ഈ യാത്ര പലപ്പോഴും അപകടത്തിലായിരിക്കും കലാശിക്കുക.

rain

റോഡിലെ കുഴികൾ

റോഡിലെ വലിയ കുഴികൾ അപകടം വിളിച്ചുവരുത്തും. വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്തുകൂടി വാഹനം പരമാവധി സാവധാനം ഓടിക്കുന്നതാണ് സുരക്ഷിതം. കഴിയുന്നതും റോഡിന്റെ മദ്ധ്യഭാഗത്തുകൂടി വാഹനം ഓടിക്കുക. മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. അവയുടെ കൂറ്റൻ ടയറുകൾ തെറിപ്പിക്കുന്ന ചെളിവെള്ളം കാഴ്ച തടസപ്പെടുത്തും. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നിൽ വാഹനം ഇടിച്ചു കയറാനും സാദ്ധ്യതയുണ്ട്.

ടയറിലുമുണ്ട് കാര്യം

മഴക്കാലത്ത് വാഹനവുമായി റോഡിലേക്കിറങ്ങും മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതായിരിക്കും. തേഞ്ഞ ടയർ അപകടം വരുത്തിവയ്ക്കും. ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് ഉറപ്പുവരുത്തുക. അവശ്യഘട്ടങ്ങളിൽ അറ്റകുറ്റപ്പണി നടത്താൻ വേണ്ട ഉപകരണങ്ങളും ബൾബുകളും വാഹനത്തിൽ കരുതാം. ഇരുചക്രവാഹന യാത്രക്കാർ പരമാവധി തെളിച്ചമുള്ള കളറുകളിലെ മഴക്കോട്ടുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

rain

ഹെഡ് ലൈറ്റ് തെളിക്കാം

ശക്തമായ മഴയുള്ള സമയത്ത് വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകൾ തെളിച്ച് ഡ്രൈവ് ചെയ്യാൻ ശ്രദ്ധിക്കുക. റോഡ് വ്യക്തമായി കാണുന്നതിനും നമ്മുടെ വാഹനം മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നതിനും ഇത് സഹായിക്കും. ഹൈ ബീം ഉപയോഗിക്കരുത്. ജലകണങ്ങളിൽ പ്രകാശം പ്രതിഫലിക്കുന്നത് ഡ്രൈവിംഗ് ദുഷ്‌കരമാക്കും. ഫോഗ് ലൈറ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതാണ് ഉത്തമം. മഴ അതിശക്തമാണെങ്കിൽ വാഹനം റോഡരികിൽ നിറുത്തിയിടുന്നതാണ് സുരക്ഷിതം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുക. മഴക്കാലത്ത് മരങ്ങളുടെ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മരങ്ങൾ ഏതുസമയത്തും കടപുഴകി വീഴാൻ സാദ്ധ്യതയുണ്ട്.

50 കിലോമീറ്ററിനു മുകളിൽ വേണ്ട
മഴക്കാലത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്ററിനു മുകളിൽ വേഗത കൂടാതിരിക്കാൻ ശ്രദ്ധിക്കുക