amitabh-bachchan

മുംബയ്: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത ശേഷം ബച്ചന്റെ ഫോട്ടോ മാറ്റി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രവും ഹാക്കർമാർ പോസ്റ്റ് ചെയ്തു. ഇതുകൂടാതെ, ബിഗ് ബിയുടെ ട്വിറ്റർ ബയോ മാറ്റി 'ലവ് പാകിസ്ഥാൻ' എന്ന് കൊടുക്കുകയും ഇതിന്റെയൊപ്പം തുർക്കിഷ് ദേശീയപതാകയുടെ ഒരു ഇമോജിയും നൽകുകയും ചെയ്തു. 'അയ്യിൽദിസ് ടിം' എന്ന് പേരുള്ള ഒരു തുർക്കിഷ് ഹാക്കർ ഗ്രൂപ്പാണ് ഇതിന് പിന്നിൽ എന്നാണ് കരുതപ്പെടുന്നത്.

ഈ ഹാക്കർ സംഘത്തിന്റെ ചിഹ്നമായ പറക്കുന്ന പരുത്തിന്റെ ചിത്രവും ട്വിറ്റർ പേജിന്റെ കവർ ഫോയിൽ കണ്ടിരുന്നു. എന്നാൽ ഈ ചിത്രം അൽപ്പസമയത്തിന് ശേഷം ഇവർ ഡിലീറ്റ് ചെയ്തു. ഈ സംഭവത്തിൽ തങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മുംബയ് പോലീസ് അറിയിച്ചിട്ടുണ്ട്. മുംബയ് പൊലീസിന്റെ സൈബർ വിഭാഗവും പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ട് പൊലീസ് അധികം വൈകാതെ പുനഃസ്ഥാപിച്ചു.

'ഇത് ലോകത്തോടെല്ലാമുള്ള ഞങ്ങളുടെ സന്ദേശമാണ്. തുർക്കിഷ് ഫുട്ബോളർമാരോടുള്ള ഐസ്ലാൻഡിക് ഫുട്ബോളർമാരുടെ മോശമായ പെരുമാറ്റത്തെ ഞങ്ങൾ അപലപിക്കുന്നു. ഞങ്ങൾ സൗമ്യരായാണ് സംസാരിക്കുന്നത്. പക്ഷെ കാര്യങ്ങൾ ഞങ്ങളുടെ കൈയിലാണ്. അയിൽദിഷ് തുർക്കിഷ് സൈബർ ആർമി നടത്തിയ ഈ ഭീമൻ സൈബർ ആക്രമണത്തെ കുറിച്ച് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.' ഹാക്കർമാർ ട്വീറ്റ് ചെയ്തു.

അൽപ്പസമയത്തിന് ശേഷം ഇന്ത്യയിലെ മുസ്ലീങ്ങളെ ലക്‌ഷ്യം വച്ച് മറ്റൊരു ട്വീറ്റ് കൂടി വന്നു. 'ഞങ്ങൾ നിങ്ങളെ പിന്താങ്ങുന്നു' എന്നായിരുന്നു ഹാക്കർ സംഘത്തിന്റെ 'ഔദ്യോഗിക' ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലിങ്ക് കൂടി ഉൾപ്പെടുത്തിയുള്ള അടുത്ത ട്വീറ്റ്. ഇതിന് മുൻപ് ബോളിവുഡ് നടന്മാരായ ഷാഹിദ് കപൂറിന്റെയും, അനുപം ഖേറിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.