പാപഭാരത്തിന്റെ തീഗോളമായി
മാറിയ ഭൈരോനാഥന്റെ
കണ്ണുകളിൽ ശവശരീരങ്ങൾ
കത്തിത്തുടങ്ങുന്നു.
പാതിവെന്ത ശവങ്ങൾ ചാരമാകും
മുൻപ് ഗംഗയുടെ പരിലാളനയിലലിയുന്നു.
പാപമകുടമിറക്കി
സ്നാനം നടത്തിയ ഇനിയും
മരിക്കാത്തവരെ
നോക്കി ആത്മാക്കൾ പൊട്ടിച്ചിരിച്ചു.
മരിച്ചവർ ജീവിക്കുന്ന നഗരത്തിൽ
പാപക്കറകൾ കഴുകുവാനായി
എത്തിയവരും
തേടും
ജീവനുള്ള ദേഹത്തേയും
മരിച്ച മനസ്സുള്ള പാദസ്വരങ്ങളെയും.
പറന്നു പോയ ആത്മാവിനെ
രസിപ്പിക്കാൻ സംഗീതം ഒഴുകുന്നു,
ഇവിടെ ഈ
നനഞ്ഞ ഭസ്മം പുരണ്ട വീഥികളിൽ.
എണ്ണിയെഴുതി കണക്കുവെച്ചിരിക്കുന്ന
ദിനങ്ങളിൽ ഇടയ്ക്കു തെറ്റിയൊരു
മഷിപ്പാടിൽ ഇടത്താവളങ്ങൾ
മാറി രക്ഷപ്പെടുന്നൊരു പാപി ഞാൻ.
സ്നാനത്താൽ കഴുകിക്കളായാനാകാത്ത
പാപങ്ങൾ അഗ്നിശുദ്ധി
വരുത്തി സ്നാനാനഘട്ടത്തിൽ
നിന്നും തിരിച്ചു കയറാതെ
പാതി കത്തിയ
ജീവനുമായി ഞാനും തിരിച്ചു നടന്നു,
ആർത്തലച്ചുവെങ്കിലും ദീനരോധനങ്ങളെ
ലയിപ്പിക്കുന്ന പുണ്യ ഗംഗയിലേയ്ക്ക്
ഋതുക്കൾ പെയ്‌തോഴിഞ്ഞാലും
ലയിക്കാത്ത പൊങ്ങുതടികൾ പോലെ
നദിഗതിയിലൂടെ അലയുകയാണ്
കത്തിയിട്ടും മോക്ഷം കിട്ടാത്ത ചില ആത്മാക്കൾ.
മരണത്തിനും വിലപേശുന്ന ജനത
നിത്യസ്നാനം നടത്തി,
കഴുകിയ പണവുമായി
എരിയുന്ന വിശപ്പുകളടക്കാൻ
തെരുവുകളിൽ തിരിഞ്ഞു നടക്കുന്നു.
ആമിന താജുദീൻ
സുബൈദ മൻസിൽ,
പള്ളിമുക്ക്,
കടയ്ക്കൽ (പി ഒ)
കൊല്ലം.
(കവിതകൾ, കഥകൾ, യാത്രാവിവരണങ്ങൾ കേരളകൗമുദി ഓൺലൈനിൽ നൽകാൻ +91 9188448983 ഈ നമ്പരിൽ വാട്സാപ്പ് ചെയ്യുക )