-elf

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നിട്ടുണ്ടാകാമെന്ന് പല ഗവേഷകരും മുൻ കാലങ്ങളിൽ പറഞ്ഞുവച്ചിട്ടുണ്ട്. മനുഷ്യർ സങ്കൽപിക്കുന്ന രൂപത്തിലല്ല, മറിച്ച് നാം തീരെ പ്രതീക്ഷിക്കാത്ത രൂപത്തിലായിരിക്കും അവർ ഭൂമിയിലേക്ക് വരുകയെന്ന് നാസാ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഒരു ഗവേഷകൻ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ അഭിപ്രായങ്ങളെ സാധൂകരിക്കുന്ന ഒരു സി.സി.ടി.വി ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊളറാഡോയിലെ ഒരു വീടിന്റെ പാർക്കിംഗ് ഏരിയയിലൂടെ അന്യഗ്രഹ ജീവിയെ പോലെയുള്ള ഒരു ജീവജാലം നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണത്. വിവിയൻ ഗോമസ് എന്ന സ്ത്രീയാണ് തന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ഈ ജീവിയെ കണ്ടത്. തുടർന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു.

വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ച് വിവിയൻ ഗോമസ് എഴുതിയത് ഇങ്ങനെ,​ ‌ഞായറാഴ്ച രാവിലെ ഉറക്കമുണർന്നതിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴായിരുന്നു ഞാൻ ഇക്കാര്യം ശ്രദ്ധിച്ചത്. വീടിന്റെ മുൻവശത്തെ വാതിലിന് സമീപത്തൂടെ ഒരു നിഴൽ സഞ്ചരിക്കുന്നു. പിന്നീടാണ് ഇക്കാര്യം കണ്ടത്. ആർക്കെങ്കിലും ഈ ദൃശ്യങ്ങളിൽ കാണുന്ന സാധനത്തെ അറിയാമോ?. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിലെ ചർച്ച മുഴുവനും ഇതിനെ കുറിച്ചായിരുന്നു. നിരവധി പേരാണ് ഇത് സംബന്ധിച്ച് വീഡിയോയുടെ താഴെ കമന്റിടുന്നത്.

ഇത് ഈനാംപേച്ചിയാണെന്നും അമാനുഷജീവിയാണെന്നും ചിലയാളുകൾ കമന്റിൽ പറയുന്നു. ചിലർ ഇതിനെ ഹാരിപോട്ടർ സിനിമയിലെ ഡോബി കഥാപാത്രമാണെന്നും വിശേഷിപ്പിക്കുന്നുണ്ട്. എന്തായാലും വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഏകദേശം മുപ്പത് മില്യൺ ആൾക്കാരാണ് വീഡിയോ കണ്ടത്. അതേസമയം, ഇത് ഒരു പ്രാങ്ക് വീഡിയോ ആണെന്നും ഫോട്ടോഷോപ്പോ മറ്റ് സോഫ്റ്റ് വെയറോ ഉപയോഗിച്ച് രൂപകൽപന ചെയ്തതാണെന്നും ചിലർ പറയുന്നുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് ചിലർ കരുതുന്നത്.

വീഡിയോ